തിരുവനന്തപുരം – ദുബൈ വിമാനത്തിന് തീപിടിച്ചു; ഒരാള്‍ മരിച്ചു


തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട എമിറേറ്റ്സ് എയര്‍ലൈന്‍സ് വിമാനം ദുബൈയില്‍ ഇറങ്ങുന്നതിനിടെ തീപിടിച്ചു. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇടിച്ചിറക്കുന്നതിനിടെയായിരുന്നു അപകടം. 226 ഇന്ത്യക്കാരടക്കം വിമാനത്തിലുണ്ടായിരുന്ന 300 പേരും അത്ഭുതകരമായി രക്ഷപ്പെട്ടു. വിമാനം ഏറെക്കുറെ പൂര്‍ണമായി കത്തിയമര്‍ന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരാള്‍ പൊള്ളലേറ്റ് മരിച്ചു.


ബോയിങ് 777 ഇകെ 521 വിമാനമാണ് അപകടത്തില്‍പെട്ടത്. യുഎഇ സമയം ഉച്ചക്ക് 12.45 ഓടെയാണ് അപകടം. യാത്രക്കാരില്‍ 226 പേര്‍ ഇന്ത്യക്കാരാണ്. ഇവരില്‍ ബഹുഭൂരിഭാഗവും മലിയാളികളും. വിമാനം ഇടിച്ചിറക്കിയ ഉടന്‍ എമര്‍ജന്‍സി വാതിലുകളിലൂടെ മുഴുവന്‍ പേരെയും പുറത്തെത്തിച്ചു. നിസാരപരിക്കുകളേറ്റവര്‍ക്ക് വിമാനത്താവളത്തില്‍ തന്നെ അടിയന്തര ചികില്‍സ നല്‍കി. മലയാളികള്‍ ഉള്‍പ്പെടെ ചുരുക്കം ചിലരെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. അപകടം സംഭവിച്ചതു മുതല്‍വിമാനത്താവളം അടച്ചിട്ടു. നേരത്തെ വിവരം ലഭിച്ചതിനാല്‍ അഗ്നിശമന സേന ഉള്‍പ്പെടെ എല്ലാ സംവിധാനങ്ങളും ദുബൈ വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നു. ഒന്നര മണിക്കൂര്‍ കഠിനാധ്വാനത്തിലൂടെയാണ് തീയണച്ചത്. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട യുഎഇ സിവില്‍ഡിഫന്‍സ് വിഭാഗം ജീവനക്കാരന്‍ ജാസിം മരണപ്പെട്ടു. മലയാളികളുടേത് ഉള്‍പ്പെടെ യാത്രക്കാരില്‍ പലരുടെയും പാസ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ വിലപ്പെട്ട രേഖകള്‍ കത്തിയമര്‍ന്നു.




Sharing is Caring