നടനായത് കൊണ്ട് മാത്രം രാഷ്ട്രീയത്തിൽ വിജയിക്കാൻ ആവില്ലെന്ന് നടൻ രജനികാന്ത്. പണമോ പ്രശസ്തിയോ അല്ല രാഷ്ട്രീയത്തിൽ വിജയിക്കാനുള്ള ചേരുവ. രാഷ്ട്രീയത്തിൽ വിജയിക്കാനുള്ള ചേരുവ നിശ്ചയിക്കുന്നത് ജനങ്ങളാണെന്ന് രജനികാന്ത് ചൂണ്ടിക്കാട്ടി. ചെന്നൈയിൽ നടൻ ശിവാജി ഗണേശൻ സ്മാരക ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നടൻ കമൽ ഹാസനും ചടങ്ങിൽ ഒപ്പമുണ്ടായിരുന്നു. രാഷ്ട്രീയ പ്രവേശന അഭ്യുഹങ്ങൾക്കിടെ ഇരുവരും ഒന്നിച്ചു പൊതു വേദിയിൽ പ്രത്യക്ഷപ്പെട്ടത് കൗതുകമായി.
പേരോ പ്രശസ്തിയോ പണമോ കൊണ്ട് ഒരു രാഷ്ട്രീയക്കാരൻ ആവാനാവില്ല. രാഷ്ട്രീയക്കാരന് വേണ്ട ചേരുവകൾ അതിലുമുപരിയാണ്. ഒരു പക്ഷെ കമൽ ഹാസന് അതറിയാമായിരിക്കും. രണ്ടു മാസം മുമ്പ് ചോദിച്ചിരുന്നെങ്കിൽ അദ്ദേഹം അത് പറഞ്ഞു തന്നേനെ. ഇപ്പോൾ ചോദിച്ചാൽ കൂടെ വാ പറഞ്ഞു തരാം എന്നായിരിക്കും അദ്ദേഹത്തിന്റെ മറുപടി -രജനികാന്ത് പറഞ്ഞു














