രാഷ്ട്രപതിയുടെ നയപ്രഖ്യാപനം ഇന്ന്, കേന്ദ്ര ബജറ്റ് നാളെ

പാര്‍ലമെന്റില്‍ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി ഇന്ന് നയപ്രഖ്യാപനം നടത്തും. രാവിലെ 11 മണിക്ക് സെന്‍ട്രല്‍ ഹാളില്‍ ഇരുസഭകളെയും അഭിസംബോധന ചെയ്ത് സംസാരിക്കുന്ന രാഷ്ട്രപതി കേന്ദ്രസര്‍ക്കാരിന്റെ ഭരണ നയം വ്യക്തമാക്കും. തുടര്‍ന്ന് ലോക്‌സഭയും രാജ്യസഭയും സമ്മേളിച്ച് രാഷ്ട്രപതിയുടെ നയപ്രസംഗം മേശപ്പുറത്ത് വെയ്ക്കും.

കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടും കേന്ദ്രധനമന്ത്രി ഇന്ന് പാര്‍ലമെന്റില്‍ വെയ്ക്കുന്നുണ്ട്. നാളെ രാവിലെ 11 മണിക്കാണ് ലോക്‌സഭയില്‍ ധനമന്ത്രിയുടെ ബജറ്റവതരണം. റെയില്‍ ബജറ്റ് പൊതുബജറ്റില്‍ ലയിപ്പിച്ചതിന് ശേഷമുള്ള ആദ്യ ബജറ്റവതരണമാണ് ബുധനാഴ്ച നടക്കുന്നത്. നയപ്രസംഗത്തിന്മേലുള്ള ചര്‍ച്ച ബജറ്റവതരണത്തിന് ശേഷം നടക്കും.

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി തിങ്കളാഴ്ച കേന്ദ്രസര്‍ക്കാരും ലോക്‌സഭാ സ്പീക്കറും സര്‍വ്വകക്ഷി യോഗം വിളിച്ചു ചേര്‍ത്തു. ബജറ്റ് സമ്മേളനത്തിലും ബഹളം തുടരുമെന്ന് പ്രതിപക്ഷ കക്ഷികള്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ബജറ്റ് സമ്മേളനം തടസ്സപ്പെടുത്താന്‍ അനുവദിക്കില്ലെന്നും ബജറ്റവതരണം കേന്ദ്രസര്‍ക്കാര്‍ നിര്‍വഹിക്കുമെന്നും കേന്ദ്രം പ്രതിപക്ഷത്തെ അറിയിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ബജറ്റ് അവതരിപ്പിക്കുന്നതിനെ സര്‍വ്വകക്ഷി യോഗത്തില്‍ പ്രതിപക്ഷ കക്ഷികള്‍ എതിര്‍ത്തു. എന്നാല്‍ ബജറ്റവതരണം നേരത്തെയാക്കുന്ന കാര്യം മുന്‍കൂട്ടിത്തന്നെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതാണെന്നും നിയമസഭാ തെരഞ്ഞെടുപ്പുകളുമായി കേന്ദ്രബജറ്റിന് ബന്ധമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ യോഗത്തില്‍ വ്യക്തമാക്കി.

തൃണമൂല്‍ കോണ്‍ഗ്രസും ശിവസേനയും സര്‍വ്വകക്ഷി യോഗത്തില്‍ നിന്ന് വിട്ടുനിന്നു. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ രണ്ടുദിവസം ബഹിഷ്‌ക്കരിക്കുമെന്ന് തൃണമൂല്‍ അറിയിച്ചു. ബജറ്റവതരണം തടസ്സപ്പെടുത്താനാവാത്തതിനാല്‍ ബംഗാളിലെ പ്രാദേശീക ആഘോഷത്തിന്റെ പേരു പറഞ്ഞാണ് ആദ്യ രണ്ടുദിവസങ്ങളും തൃണമൂല്‍ വിട്ടുനില്‍ക്കുന്നത്. നോട്ട് നിരോധനമടക്കമുള്ള വിഷയങ്ങളില്‍ മതിയായ ചര്‍ച്ചയ്ക്ക് ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടത്തില്‍ സമയമില്ലാത്തത് പ്രതിപക്ഷ കക്ഷികള്‍ ചൂണ്ടിക്കാട്ടി. ആദ്യഘട്ടം ഫെബ്രുവരി 9ന് സമാപിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *