രാമക്ഷേത്രത്തിന് സംഭാവന നല്‍കിയില്ല; സ്കൂളില്‍ നിന്നും പുറത്താക്കിയെന്ന് അധ്യാപകന്‍

രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കാത്തതിനെ തുടര്‍ന്ന് തന്നെ സ്കൂളിൽ നിന്ന് പുറത്താക്കിയെന്ന പരാതിയുമായി അധ്യാപകൻ. ഉത്തര്‍പ്രദേശിലെ ബലിയയിലെ സരസ്വതി ശിശുമന്ദിര്‍ സ്‌കൂളിലെ അധ്യാപകനായിരുന്ന യശ്വന്ത് പ്രതാപ് സിങാണ് ആരോപണവുമായി രംഗത്തെത്തിയത്. രാമക്ഷേത്രത്തിന് ആയിരം രൂപ സംഭാവന നല്‍കിയില്ലെന്ന കാരണം പറഞ്ഞാണ് യശ്വന്ത് സിംഗിനെ പുറത്താക്കിയത്. ആര്‍.എസ്.എസിന്‍റെ നിയന്ത്രണത്തിലുള്ളതാണ് ഈ സ്കൂളെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

തന്‍റെ എട്ടുമാസത്തെ ശമ്പളവും സ്‌കൂള്‍ അധികൃതര്‍ പിടിച്ചുവച്ചിരിക്കുകയാണെന്ന് യശ്വന്ത് സിംഗ് ആരോപിച്ചു. രാമക്ഷേത്ര നിര്‍മ്മാണത്തിന് വേണ്ടി താന്‍ 80,000 രൂപ പിരിച്ചു നല്‍കിയിരുന്നതായും അതിന്‍റെ രസീത് ബുക്ക് കൈമാറിയതായും യശ്വന്ത് സിംഗ് പറഞ്ഞു.

ആര്‍.എസ്.എസിന്‍റെ ജില്ലാ പ്രചാരക് സ്കൂളിലെത്തിയപ്പോള്‍ സംഭാവന നല്‍കാന്‍ സ്കൂളധികൃതര്‍ തന്നെ നിര്‍ബന്ധിച്ചതായും സിംഗ് പറഞ്ഞു. വിസമ്മതിച്ചപ്പോള്‍ അധികൃതര്‍ സിംഗിനോട് മോശമായി പെരുമാറുകയും ചെയ്തു. ഇതിനെക്കുറിച്ച് താൻ ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസിൽ രേഖാമൂലം പരാതി നൽകിയിട്ടുണ്ടെന്നും നീതി ലഭിച്ചില്ലെങ്കില്‍‌ കോടതിയെ സമീപിക്കുമെന്നും സിംഗ് പറഞ്ഞു.

എന്നാല്‍ ജീവനക്കാര്‍ തങ്ങളുടെ കഴിവിന് അനുസരിച്ച് സംഭാവന ചെയ്യാനാണ് ആവശ്യപ്പെട്ടതെന്നും ആരെയും നിര്‍ബന്ധിച്ചിട്ടില്ലെന്നും സ്കൂള്‍ പ്രിന്‍സിപ്പാള്‍ പറഞ്ഞു. മൂന്ന് രസീത് ബുക്കുകള്‍ സിംഗ് എടുത്തെങ്കിലും അവ തിരിച്ചുനല്‍കിയിട്ടില്ലെന്നും പ്രിന്‍സിപ്പാള്‍ വ്യക്തമാക്കി. സിംഗ് സ്വയം രാജി വച്ച് പോയതാണെന്നും അദ്ദേഹം പറഞ്ഞു. സംഭാവന നൽകാൻ ആരെയും നിർബന്ധിക്കുന്നില്ലെന്ന് ആർ‌.എസ്‌.എസ് ജില്ലാ പ്രചാരകും വ്യക്തമാക്കി. സിംഗ് നല്ല അധ്യാപകനല്ലെന്നും പ്രചാരക് കൂട്ടിച്ചേര്‍ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *