രാജ്‌നാഥ് കുന്ദ്രയ്ക്കും മെയ്യപ്പനും ആജീവനാന്ത വിലക്ക്


ദില്ലി: ഐപിഎല്‍ വാതുവയ്പ്പ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ രാജസ്ഥാന്‍ റോയല്‍സ് സഹ ഉടമ രാജ് കുന്ദ്രയെയും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉടമ ഗുരുനാഥ് മെയ്യപ്പനെയും ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിന്നും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി.


ക്രിക്കറ്റിന്റെ മാന്യത കളഞ്ഞതിന് ഐ പി എല്‍ ടീമുകളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും രാജസ്ഥാന്‍ റോയല്‍സിനും രണ്ടു വര്‍ഷത്തെ വിലക്കും ലഭിച്ചു. കോഴക്കേസില്‍ ജസ്റ്റിസ് മുകുള്‍ മുഗ്ദല്‍ കമ്മിറ്റി കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്ക് ശിക്ഷ വിധിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് ആര്‍ എം ലോധ അധ്യക്ഷനായ സമിതിയുടേതാണ് വിധി.


ബി സി സി ഐയുമായും ക്രിക്കറ്റ് സംഘാടനമായും ബന്ധപ്പെടുന്നതിനും ഇരുവര്‍ക്കും വിലക്കുണ്ട്. കുന്ദ്രയും മെയ്യപ്പനും ഐ പി എല്‍, ബി സി സി ഐ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് കമ്മിറ്റി കണ്ടെത്തി. ക്രിക്കറ്റ് മാന്യന്‍മാരുടെ കളിയാണെന്നും അത്തരത്തില്‍ അതു നിലനിര്‍ത്തേണ്ടതുണ്ടെന്നും സമിതി നിരീക്ഷിച്ചു.

നിയമം ലംഘിച്ചു ഇരുവരും വാതുവയ്പ്പില്‍ പങ്കെടുത്തു. മെയ്യപ്പന്‍ ഇത്തരത്തില്‍ ഒരിക്കലും പ്രവര്‍ത്തിക്കാന്‍ പാടില്ലായിരുന്നു. കോഴ വിവാദം ഐ പി എല്ലിന്റെയും ബി സി സി ഐയുടെയും പ്രതിച്ഛായയെ ബാധിച്ചുവെന്നും ലോധ സമിതി നിരീക്ഷിച്ചു.



Sharing is Caring