രാജ്യസഭാ തെരഞ്ഞെടുപ്പ്: വി മരുളീധരനും വീരേന്ദ്രകുമാറും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും


മുംബൈ/ തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി വി മുരളീധരനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംപി വീരേന്ദ്രകുമാറും ഇന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. മുരളീധരന്‍ മഹാരാഷ്ട്രയിലും വീരന്ദ്രേകുമാര്‍ കേരളത്തിലുമാണ് പത്രിക സമര്‍പ്പിക്കുന്നത്. പത്രിക സമര്‍പ്പിക്കേണ്ട അവസാനദിനമാണിന്ന്. മാര്‍ച്ച്‌ 23 നാണ് തെരഞ്ഞെടുപ്പ്


ബിജെപി ദേശീയനിര്‍വാഹകസമിതി അംഗം വി മുരളീധരന്‍ മഹാരാഷ്ട്രയില്‍ നിന്നാണ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ബിജെപി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 18 രാജ്യസഭാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. വളരെ അപ്രതീക്ഷിതമായി വി മുരളീധരന്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള ലിസ്റ്റില്‍ ഉള്‍പ്പെടുകയായിരുന്നു. അടുത്തിടെ കോണ്‍ഗ്രസില്‍ നിന്നും പാര്‍ട്ടിയിലെത്തിയ നാരായണ്‍ റാണെയാണ് മഹാരാഷ്ട്രയിലെ ബിജെപിയുടെ രണ്ടാമത്തെ സ്ഥാനാര്‍ത്ഥി. എന്‍ഡിഎ കേരളഘടകം വൈസ് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ കര്‍ണാടകയില്‍ നിന്ന് വീണ്ടും മത്സരിക്കും.


എംപി വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവെച്ച ഒഴിവിലാണ് കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ജെഡിയു (ശരദ് യാദവ് വിഭാഗം) എല്‍ഡിഎഫുമായി യോജിച്ച്‌ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതോടെ സീറ്റ് ജെഡിയുവിന് തന്നെ നല്‍കുകയായിരുന്നു. തുടര്‍ന്ന് ജെഡിയു പാര്‍ലമെന്ററി ബോര്‍ഡി കഴിഞ്ഞ ദിവസം വീരന്ദ്രേകുമാറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. സ്വതന്ത്രസ്ഥാനാര്‍ത്ഥി ആയിട്ടാണ് വീരേന്ദ്രകുമാര്‍ പത്രിക സമര്‍പ്പിക്കുക.

രാജ്യസഭയില്‍ ഒഴിവുവന്ന 59 സീറ്റുകളിലേക്കാണ് മാര്‍ച്ച്‌ 23 ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും അന്നുവൈകിട്ട് തന്നെ നടക്കും.



Sharing is Caring