രാജ്യത്ത് ഇതാദ്യം; അമീബിക് മസ്തിഷ്‌ക ജ്വരത്തെ അതിജീവിച്ച് 14കാരന്‍ ആശുപത്രി വിട്ടു


അമീബിക് മസ്ഷ്‌ക ജ്വരത്തെ അതിജീവിച്ച തിക്കോടി സ്വദേശിയായ 14കാരന്‍ ആശുപത്രി വിട്ടു. സംസ്ഥാനത്ത് എന്നല്ല,ഇന്ത്യയില്‍ ആദ്യമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച ശേഷം ഒരാള്‍ ജീവിതത്തിലേക്ക് തിരിച്ചുവരുന്നത്. കുട്ടിക്ക് രോഗം നേരത്തെ തിരിച്ചറിയാന്‍ കഴിഞ്ഞതിനാലാണ് രോഗമുക്തി നേടാന്‍ കഴിഞ്ഞത്.രോഗ ലക്ഷണം കാണിച്ചു തുടങ്ങിയാല്‍ എത്രയും പെട്ടന്ന് ചികിത്സ തേടുക എന്നതാണ് പ്രധാനമെന്ന് കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ അബ്ദുള്‍ റൗഫ് വ്യക്തമാക്കി.


ഒമ്പത് ദിവസം ഐസിയുവില്‍ കിടന്ന ശേഷമാണ് കുട്ടി ജീവിതത്തിലേക്ക് തിരിച്ചു വന്നത്. രക്ഷിതാക്കളുടെയും ആശുപത്രി ജീവനക്കാരുടെയും സമയോചിതമായ ഇടപെടലാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്.


ജൂണ്‍ 30ന് വൈകിട്ടാണ് കുട്ടിക്ക് അപസ്മാരത്തിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടായത്. പയ്യോളിയിലെ ഒരു ക്‌ളിനിക്കിലാണ് ആദ്യം 14കാരനെ പ്രവേശിപ്പിച്ചത്. കുട്ടി കുളത്തില്‍ കുളിച്ച കാര്യം ഡോക്ടറോട് പറഞ്ഞതോടെയാണ് അമീബിക് മസ്തിഷ്‌ക ജ്വരമാകാം കുട്ടിക്കെന്ന് സംശയം തോന്നിയത്. തുടര്‍ന്ന് കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.



Sharing is Caring