രാജ്യത്തെ കാത്തിരിക്കുന്നത് വിവിധ ഘട്ടങ്ങളിലുള‌ള കൊവിഡ് തീവ്ര വ്യാപനം; ജനസാന്ദ്രതയുള‌ള മേഖലയില്‍ കൂടുതല്‍ ശ്രദ്ധവേണമെന്ന് നിര്‍ദ്ദേശം


ന്യൂഡല്‍ഹി: രാജ്യം ഒന്നാകെ ബാധിക്കുന്ന തരത്തില്‍ കൊവിഡ് തീവ്രവ്യാപന ഘട്ടം ഇന്ത്യയില്‍ സംഭവിക്കില്ലെന്നും ഓരോ സംസ്ഥാനങ്ങളിലും ജനങ്ങള്‍ രോഗത്തോട് ഇടപഴകിയ സമയം വ്യത്യാസപ്പെട്ടിരിക്കുന്നതിനാല്‍ ഏറിയും കുറഞ്ഞുമാകും രാജ്യത്തെ കൊവിഡ് വ്യാപനമെന്നും വിദഗ്‌ധാഭിപ്രായം. പൊതു ആരോഗ്യ ഇന്‍സ്‌റ്റി‌റ്റ്യൂട്ട് ഡയറ‌ക്‌ട‌റായ പ്രൊ.ജി വി എസ് മൂര്‍ത്തിയാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഡല്‍ഹിയില്‍ ഈ മാസമോ ആഗസ്‌റ്റ് ആദ്യമോ രോഗം രൂക്ഷമാകാം.തമിഴ്‌നാട്,മഹാരാ‌ഷ്‌ട്ര,കര്‍ണാടക പോലെയുള‌ള സംസ്ഥാനങ്ങളില്‍ ഇത് സെപ്‌തംബര്‍ മാസമാകുമെന്നും പ്രൊഫ. മൂര്‍ത്തി അറിയിച്ചു. ജാര്‍ഖണ്ഡ് പോലെയുള‌ള സംസ്ഥാനങ്ങളില്‍ കുടിയേ‌റ്റ തൊഴിലാളികള്‍ മടങ്ങിയെത്തിയിട്ടേയുള‌ളൂ എന്നതിനാല്‍ രോഗത്തിന്റെ തീവ്ര‌ വ്യാപനം ഇനിയും വൈകുമെന്നും അദ്ദേഹം അറിയിച്ചു.
ഇത്തരത്തിലാണ് രാജ്യത്ത് കൊവിഡിന്റെ തീവ്ര വ്യാപനമെന്നതിനാല്‍ പലതവണയായുള‌ള ശക്തമായ കൊവിഡ് വ്യാപനമാകും രാജ്യത്തുണ്ടാകുക.കൊവിഡ് ബാധിതനായ ഒരാളില്‍ നിന്ന് അയാളോട് അടുത്ത മ‌റ്റ് ആളുകളില്‍ രോഗം ബാധിക്കാന്‍ 10 മുതല്‍ 14 വരെ ദിവസമെടുത്തേക്കാം. അതിനാല്‍ സര്‍ക്കാരുകള്‍ കൊവിഡ് സുരക്ഷാ ചട്ടങ്ങളില്‍ പെടുന്ന കൈകള്‍ വൃത്തിയായി സോപ്പോ സാനി‌റ്റൈസറോ ഉപയോഗിച്ച്‌ കഴുകുക സാമൂഹിക അകലം പാലിക്കുക എന്നിങ്ങനെ വിവിധ നിര്‍ദ്ദേശങ്ങള്‍ ജനപ്പെരുപ്പമുള‌ള സ്ഥലങ്ങളില്‍ താമസിക്കുന്നവരെ ബോധവല്‍ക്കരിക്കണം. നിലവില്‍ രോഗവ്യാപനം തീരെ കുറഞ്ഞ സംസ്ഥാനങ്ങളില്‍ സെപ്‌തംബറിലോ ഒക്‌ടോബറിലോ ആകാം തീവ്ര രോഗവ്യാപനമെന്നും പ്രൊഫ. മൂര്‍ത്തി അഭിപ്രായപ്പെട്ടു.


ഹരിയാന, തെലങ്കാന, കര്‍ണാടക,ആന്ധ്രാ പ്രദേശ്,തമിഴ്നാട് എന്നിവിടങ്ങളില്‍ സെപ്‌തംബര്‍ പകുതിയോടെ രോഗവ്യാപനം തീവ്രമാകും. കേരളത്തില്‍ കൊവിഡ് വ്യാപനം അവസാനിച്ചു എന്ന് കരുതിയ സമയത്താണ് കഴിഞ്ഞ പത്ത് ദിവസമായി അതിതീവ്ര വ്യാപനമാണ് സംഭവിക്കുന്നത്. ജനസാന്ദ്രതയേറിയ ഇടങ്ങളില്‍ ശക്തമായ നിരീക്ഷണവും അതുപോലെ തന്നെ നടപടികളും ഇവിടെ ആവശ്യമാണെന്നും പ്രഫ. മൂര്‍ത്തി പറയുന്നു. പരിശോധനയും രോഗം കണ്ടെത്തലും ഫലപ്രദമായ ചികിത്സയും ഉണ്ടെങ്കിലേ കൊവിഡിനെ തുരത്താനാകൂ എന്നും അദ്ദേഹം സൂചിപ്പിക്കുന്നു. വ്യക്തികള്‍ തന്നെ ശ്രദ്ധിക്കുകയും എന്തെങ്കിലും രോഗലക്ഷണം തോന്നിയാലുടന്‍ പരിശോധനക്ക് വിധേയരാകുകയും വേണം. ജനസാനന്ദ്രത കൂടിയ ഇടങ്ങളില്‍ മൊബൈല്‍ ലാബുകള്‍ ഉണ്ടാകണം.ഓക്‌സിജന്‍ വിതരണമുള‌ള ബെഡുകളും ശ്വാസതടസമുള‌ളവര്‍ക്ക് നല്ല ചികിത്സ നല്‍കാന്‍ മികച്ച ആശുപത്രികളും വ്യാപകമായി വന്നാല്‍ മാത്രമേ കൊവിഡിനെ പിടിച്ചുകെട്ടാനാകൂ എന്നും പ്രൊഫ. ജി വി എസ് മൂര്‍ത്തി പറയുന്നു.




Sharing is Caring