രാജ്യത്തെ ഇന്ധന വില റോക്കറ്റ് വേഗത്തില്‍ വര്‍ധിക്കുന്നു

മുംബൈ: ആഗോള വിപണിയില്‍ അസംസ്കൃത എണ്ണ വില കുതിച്ചുയര്‍ന്നതോടെ രാജ്യത്തെ ഇന്ധന വില റോക്കറ്റ് വേഗത്തില്‍ വര്‍ധിക്കുന്നു. രാജ്യ തലസ്ഥാനത്ത് ഇന്ന് പെട്രോള്‍ ലിറ്ററിന് 74 രൂപയും മുംബൈയില്‍ 80 രൂപയുമാണ് വില. ഇന്ന് പെട്രോള്‍, ഡീസല്‍ വില വീണ്ടും ഉയര്‍ന്നതോടെയാണ് ഈ നിരക്കിലേക്ക് എത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി ഇന്ധനവില കുത്തനെ ഉയരുകയാണ്. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 22 പൈസ വര്‍ധനവ് രേഖപ്പെടുത്തി 74.13 രൂപയിലെത്തി. 14 പൈസ വര്‍ധിച്ച്‌ ഡീസല്‍ നിരക്ക് 67.07 രൂപയിലും എത്തി.

മുംബൈയില്‍ പെട്രോള്‍ വില ലിറ്ററിന് 79.79 രൂപയും ഡീസലിന് 70.37 രൂപയുമാണ്. സൗദി അറേബ്യയിലെ അരാംകോ എണ്ണക്കമ്ബനിയുടെ എണ്ണപ്പാടത്തിനും സംസ്കരണകേന്ദ്രത്തിനും നേരെ കഴിഞ്ഞയാഴ്ചയുണ്ടായ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്നാണ് ഇന്ധനവിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. ആക്രമണത്തെ തുടര്‍ന്ന് സൗദി എണ്ണ ഉത്പാദനം കുത്തനെ വെട്ടിക്കുറച്ചിരുന്നു. ഈ വര്‍ഷം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ ഇന്ധന വില. തുടര്‍ച്ചയായ എട്ടാം ദിവസമാണ് ഇന്ത്യയില്‍ ഇന്ധനവില തുടര്‍ച്ചയായി ഉയരുന്നത്.

എണ്ണ വിതരണം വേഗത്തില്‍ തിരികെ കൊണ്ടുവരാന്‍ കഴിയുമെന്ന് സൗദി അറേബ്യ പറയുമ്ബോള്‍, ആഗോള എണ്ണ വിപണിയിലെ ഈ ആഘാതം വര്‍ഷങ്ങളോളം അനുഭവപ്പെടുമെന്ന് വിദഗ്ധര്‍ പറയുന്നു. ഇന്ത്യ വാങ്ങുന്ന ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 63.38 ഡോളറാണ് ഇന്നത്തെ നിരക്ക്. പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ എണ്ണ വിതരണം സംബന്ധിച്ച്‌ എണ്ണ വിതരണ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, സൗദി മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. കരാര്‍ പ്രകാരം എണ്ണ വിതരണത്തിന് സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണെന്ന് അറിയിച്ചിട്ടുണ്ടെന്ന് ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.

ഇന്ത്യയുടെ രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരായ സൗദി അറേബ്യ പ്രതിമാസം 20 ലക്ഷം ടണ്‍ ക്രൂഡാണ് രാജ്യത്തേക്ക് കയറ്റുമതി ചെയ്യുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *