ജയ്പുര്‍: രാജസ്ഥാനില്‍ ഇനി മദ്യം വാങ്ങുന്നവര്‍ ‘പശു സെസ്സ്’ നല്‍കണം. മദ്യത്തിന്റെ വിലയ്‌ക്കൊപ്പം സര്‍ചാര്‍ജ് ആയി നിശ്ചിത തുക കൂടി ഈടാക്കാനാണ് രാജസ്ഥാന്‍ സര്‍ക്കാരിന്റെ നീക്കം.ഇതു സംബന്ധിച്ച മന്ത്രിസഭാ തീരുമാനം ഉണ്ടായതായും ഈ വര്‍ഷം തന്നെ ‘പശു സെസ്സ്’ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നിയമനിര്‍മാണം ഉണ്ടാവുമെന്നുമാണ് റിപ്പോര്‍ട്ട്. പശുക്കളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി ചെലവഴിക്കുന്നതിനാണ് ഈ തുക മദ്യത്തിന്റെ വിലയ്‌ക്കൊപ്പം ഈടാക്കുന്നത്. സെസ്സ് ഈടാക്കുന്നതോടെ വിദേശമദ്യത്തിനും ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിനും വില വര്‍ധിക്കും. എത്ര തുകയാണ് സെസ്സ് ആയി ഈടാക്കുകയെന്ന കാര്യം ധനവകുപ്പ് പിന്നീട് തീരുമാനിക്കുമെന്ന് സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി.
നിലവില്‍ രാജസ്ഥാനില്‍ വസ്തുവകകളുടെ ഇടപാടിന്റെ ഭാഗമായി സ്റ്റാമ്ബ് ഡ്യൂട്ടിയോടൊപ്പം ‘പശു സെസ്സ്’ ഈടാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മുതലാണ് ഇത് ആരംഭിച്ചത്. ഈ തുക വര്‍ധിപ്പിക്കാനും ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സ്റ്റാമ്ബ് ഡ്യൂട്ടിയുടെ 20 ശതമാനം വരെ പശു സെസ്സ് ആയി ഈടാക്കാനാണ് തീരുമാനം.

സംസ്ഥാനത്തെ പശുക്കളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി പ്രത്യേക തുക കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ‘പശു സെസ്സ്’ ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പശു സംരക്ഷണത്തിന് ആവശ്യമായ തുക കണ്ടെത്താനാകാതെ പ്രധാനപ്പെട്ട പല പശു സംരക്ഷണ കേന്ദ്രങ്ങളിലും പശുക്കള്‍ കൂട്ടത്തോടെ ചാവുന്ന സാഹചര്യമുണ്ടായിരുന്നു. പ്രത്യേക സെസ്സ് ഏര്‍പ്പെടുത്തി 500 കോടി രൂപ സമാഹരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നത്. പശു പരിപാലനത്തിനായി രാജസ്ഥാനില്‍ ‘ഗോപാലന്‍’ എന്ന പേരില്‍ പ്രത്യേക വകുപ്പും പ്രവര്‍ത്തിക്കുന്നുണ്ട്.













