രമേശ് മുഖ്യമന്ത്രിയാകാന്‍ അര്‍ഹനാണ്, എന്നാല്‍ ഹൈക്കമാന്റ് തീരുമാനിക്കും ; പുതുപ്പള്ളിയില്‍ നിന്നും ഇത്തവണയും മത്സരിക്കാനുണ്ടെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാന്‍ അര്‍ഹനാണ് എന്നാല്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാന്റാണെന്ന്് ഉമ്മന്‍ചാണ്ടി. ഇത്തവണയൂം താന്‍ നിയമസഭയിലേക്ക് മത്സരിക്കുന്നുണ്ടെന്നും പറഞ്ഞു. പ്രതിപക്ഷ നേതാവായി തിളങ്ങുന്ന രമേശ് ചെന്നിത്തലയ്ക്ക് പുറമേ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയും മത്സര രംഗത്ത് ഉണ്ടാകുമെന്ന് ഉറപ്പായതോടെ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാകുമെന്ന ചര്‍ച്ച തുടങ്ങി.

തിരഞ്ഞെടുപ്പിന് ഇനിയും എട്ട് മാസം മാത്രം ബാക്കി നില്‍ക്കേ കോണ്‍ഗ്രസ് തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു. പ്രതിപക്ഷ നേതാവെന്ന നിലയില്‍ നല്ല നിലയിലുള്ള പ്രവര്‍ത്തനമാണ് രമേശ് ചെന്നിത്തല നടത്തിയത്. എന്നാല്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഡല്‍ഹിയില്‍ നിന്നാണ്. തന്റെ സ്ഥാനാര്‍ത്ഥിത്വം സ്ഥിരീകരിച്ചതിനൊപ്പം മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തതോടെ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ പോര് മുറുകിയതായിട്ടാണ് വിലയിരുത്തല്‍. കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളിയും സംസ്ഥാന രീഷ്ട്രീയത്തില്‍ ഇറങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുള്ളതായി വാര്‍ത്തകള്‍ പുറത്തു വരുമ്ബോള്‍ കോണ്‍ഗ്രസില്‍ ആര് മുഖ്യമന്ത്രിയാകുമെന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴി വെയ്ക്കുമെന്നാണ് സൂചനകള്‍.

അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് വ്യക്തമാക്കിയ ഉമ്മന്‍ചാണ്ടി തനിക്ക് അര്‍ഹിക്കുന്നതിനെക്കാള്‍ അംഗീകാരമാണ് പാര്‍ട്ടിയില്‍ നിന്ന് ലഭിച്ചതെന്നും ജനങ്ങള്‍ നല്‍കിയ സ്‌നേഹവും അര്‍ഹിക്കുന്നതിനെക്കാള്‍ കൂടുതലാണെന്നും പറയുന്നു. രമേശ് ചെന്നിത്തല മികച്ച പ്രതിപക്ഷ നേതാവാണ്. എന്നാല്‍ ഇടതുമുന്നണിയുമായി താരതമ്യപ്പെടുത്തുന്നത് കൊണ്ടാണ് പോരാ എന്ന ആക്ഷേപം ഉണ്ടാകുന്നത്. താന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോഴും ഇത് കേട്ടിട്ടുണ്ട്.

എന്നാല്‍ ഇടതുമുന്നണി ചെയ്യുന്നത് ഞങ്ങള്‍ക്ക് ചെയ്യാനാകില്ല. അവരെ അനുകരിച്ചാല്‍ പിന്നെ മണ്ഡലത്തിലേക്ക് പോകാനാവില്ല. ആ പരിമിതികള്‍ ഉള്ളതുകൊണ്ടാണ് വിമര്‍ശനം വരുന്നതെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കുടുതല്‍ പേര്‍ വരുന്നതോടെ തര്‍ക്കം ഉണ്ടാകാതിരിക്കാന്‍ മുതര്‍ന്ന നേതാവ് എ കെ ആന്റണി ഇക്കാര്യത്തില്‍ പരസ്യപ്രതികരണം നടത്തരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വിജയസാധ്യതയുള്ള സീറ്റുകളില്‍ പ്രാതിനിധ്യം ഉറപ്പാക്കാനും പരിഗണന ആവശ്യപ്പെട്ട് യുവാക്കള്‍ കൂടി എത്തിച്ചേരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ അധികാര തര്‍ക്കത്തിന് കളമൊരുങ്ങും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *