രണ്ടാം പിണറായി സർക്കാരിൽ 21 മന്ത്രിമാർ; നാളെ മുതൽ ഉഭയകക്ഷി ചർച്ചകൾ

രണ്ടാം പിണറായി സർക്കാരിൽ മന്ത്രിമാരുടെ എണ്ണം 21 ആക്കാൻ സിപിഐഎമ്മിൽ ധാരണ. ഘടക കക്ഷികൾക്ക് അവസരം നൽകുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ തവണത്തെക്കാൾ ഒരു മന്ത്രിയെ അധികം തീരുമാനിക്കുന്നത്. ഒരു മന്ത്രി പദവി ഘടക കക്ഷികൾക്കായി ത്യജിക്കാനും സിപിഐഎം തയാറാകും.

ചർച്ചകൾ നാളെ മുതൽ തിരുവനന്തപുരം എകെജി സെന്ററിൽ പുനരാരംഭിക്കും. മന്ത്രിസഭാ അംഗങ്ങളുടെ എണ്ണം 21 ആക്കുമ്പോഴും സിപിഐഎമ്മിന് പന്ത്രണ്ടും സിപിഐക്ക് നാലും മന്ത്രിമാരാണ് ഉണ്ടാവുക. കേരളാ കോൺഗ്രസ് എമ്മിനും എൻസിപിക്കും ജനതാദൾ എസിനും ഓരോ മന്ത്രിമാരെ ലഭിക്കും. ബാക്കി വരുന്ന രണ്ട് മന്ത്രിപദവികൾ ഒരു എംഎൽഎ മാത്രമുള്ള ഘടക കക്ഷികൾക്കാണ്. ആർക്കൊക്കെ നറുക്ക് വീഴുമെന്നത് വൈകാതെ അറിയാം.

ഒന്നാം പിണറായി മന്ത്രിസഭ അധികാരമേൽക്കുമ്പോൾ 19 മന്ത്രിമാരാണ് ഉണ്ടായിരുന്നത്. ഇ.പി ജയരാജൻ രാജിവച്ച് മടങ്ങി എത്തിയതോടെ എണ്ണം 20 ആയി. സിപിഐഎമ്മിന്റേത് പതിമൂന്നും. സിപിഐയുടെ കൈവശമുള്ള ചീഫ് വിപ്പ് പദവി കേരളാ കോൺഗ്രസ് എമ്മിന് നൽകാനും ധാരണയായിട്ടുണ്ട്. ജനതാദൾ എസും എൽജെഡിയും ഉടൻ ലയിക്കണമെന്നാണ് സിപിഐഎം നിർദേശം.

കോൺഗ്രസ് എസിന്റെ രാമചന്ദ്രൻ കടന്നപ്പള്ളിക്ക് കവിഞ്ഞ തവണ അവസരം നൽകിയതിനാൽ വീണ്ടും പരിഗണിക്കാൻ ഇടയില്ല. നാളെ മുതൽ ബുധനാഴ്ച വരെ നീളുന്ന ഉഭയകക്ഷി ചർച്ചകളിൽ മന്ത്രിമാരെ സംബന്ധിച്ച് തീരുമാനം ഉണ്ടാകും. മെയ് 17നാണ് എൽഡിഎഫ് യോഗം. 18ന് എല്ലാ ഘടകകക്ഷികളും മന്ത്രിമാരെ തീരുമാനിക്കാൻ സംസ്ഥാന നേതൃയോഗങ്ങൾ വിളിച്ചുചേർത്തിട്ടുണ്ട്. അന്ന് തന്നെ എംഎൽഎമാരുടെ യോഗം പിണറായി വിജയനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കും. മെയ് 20ന് വൈകിട്ട് നാലിന് പുതിയ മന്ത്രിസഭ അധികാരമേൽക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *