യോഗിയുടെ യു.പിയില്‍ രക്ഷയില്ലാതെ വിദേശ സഞ്ചാരികള്‍; ജര്‍മന്‍ പൗരനു നേരെ ആക്രമണം


ആഗ്രയില്‍ സ്വിറ്റ്‌സര്‍ലന്‍ഡുകാരായ യുവാവും യുവതിയും ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ യു.പിയില്‍ വീണ്ടും വിദേശസഞ്ചാരിയ്ക്ക് നേരെ ആക്രമണം.


ജര്‍മനിയിലെ ബെര്‍ലിന്‍ സ്വദേശിയായ ഹോള്‍ഗര്‍ എറീക് എന്നയാളാണ് ഇത്തവണ ആക്രമണത്തിന് ഇരയായത്.ഉത്തര്‍പ്രദേശിലെ റോബര്‍ട്ട്‌സ്ഗഞ്ച് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. എറീക് റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയപ്പോള്‍ ഇദ്ദേഹത്തെ സ്വീകരിക്കാനെന്ന പേരില്‍ എത്തിയയാളാണ് ആക്രമിച്ചത്.


സംഭവവുമായി ബന്ധപ്പെട്ട് റെയില്‍വേ ജീവനക്കാരനായ അമാന്‍ കുമാര്‍ എന്നയാളെ പൊലിസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ താന്‍ ‘ഇന്ത്യയിലേക്ക് സ്വാഗതം’ എന്നു പറഞ്ഞപ്പോള്‍ തനിക്കു നേരെ തുപ്പിയതിനാലാണ് അയാളെ മര്‍ദ്ദിച്ചതെന്ന് അമാന്‍ പൊലിസിനോട് പറഞ്ഞു.

സ്റ്റേഷന്‍ മാസ്റ്ററുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് റോബര്‍ട്ട്‌സ്ഗഞ്ച് പൊലിസ് അമാനെ പിടികൂടിയത്.

ഞാന്‍ നിഷ്‌കളങ്കനാണ്. ഇന്ത്യയിലേക്ക് സ്വാഗതം എന്നു പറഞ്ഞപ്പോള്‍ അയാള്‍ തന്നെ ഇടിക്കുകയായിരുന്നു. അയാള്‍ എന്നെ അപമാനിക്കുകയും മുഖത്തു തുപ്പുകയും ചെയ്തു -അമാന്‍ പറഞ്ഞു.

അതേസമയം, സംഭവസമയത്ത് കുമാര്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലിസിന്റെ വിശദീകരണം.

കഴിഞ്ഞ മാസം ആഗ്രയിലെത്തിയ സ്വിറ്റ്‌സര്‍ലന്റ് സ്വദേശികളായ ദമ്പതികള്‍ക്കു നേരെയും ആക്രമണമുണ്ടായിരുന്നു.



Sharing is Caring