ഫ്രാന്‍സ് യൂറോ കപ്പില്‍ നിലവിലെ റണ്ണറപ്പായ ഇറ്റലിയും കരുത്തരായ ബെല്‍ജിയവും മരണഗ്രൂപ്പില്‍. അടുത്ത വര്‍ഷം ജൂണ്‍ 10നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്.
അയര്‍ലന്‍ഡും സ്വീഡനുമാണ് ഗ്രൂപ്പ് ഇയിലെ മറ്റു ടീമുകള്‍. നവംബര്‍ 13ന് നടന്ന അന്താരാഷ്ട്ര സൗഹൃദമത്സരത്തില്‍ ബെല്‍ജിയം ഇറ്റലിയെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു. ഇക്കാരണത്താല്‍ തന്നെ ഗ്രൂപ്പ് മത്സരങ്ങളെ ആശങ്കയോടെയാണ് ഇറ്റലി കാണുന്നത്. ഈ ഗ്രൂപ്പില്‍ ജേതാക്കളാവുന്നവര്ക്കും രണ്ടാം സ്ഥാനത്തെത്തുന്നവര്‍ക്കും മറ്റൊരു പരീക്ഷണം കൂടി കാത്തിരിപ്പുണ്ട്. ചാംപ്യന്മാരാവുന്നവര്ക്ക് ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാരെ അടുത്ത ഘട്ടത്തില്‍ നേരിടേണ്ടി വരും. സ്പെയിന്, ചെക് റിപബ്ലിക്ക് തുടങ്ങിയ വമ്പന്മാരടങ്ങുന്നതാണ് ഗ്രൂപ്പ് ഡി. രണ്ടാം സ്ഥാനത്തെത്തുന്നവര്‍ ഗ്രൂപ്പ് എഫിലെ ചാംപ്യന്മാരെ നേരിടേണ്ടി വരും. പോര്‍ച്ചുഗലാണ് ഈ ഗ്രൂപ്പിലെ വമ്പന്മാര്.
ചിരവൈരികളായ വെയ്ല്‍സും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ വരുന്നു എന്നതാണ് യൂറോ 2016ന്റെ പ്രത്യേകത. ഗ്രൂപ്പ് ബിയിലാണ് ഇരു ടീമുകളും ഇടം പിടിച്ചിരിക്കുന്നത്. ഇരുവരും ഇതുവരെ അന്താരാഷ്ട്ര മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ മത്സരിച്ചിട്ടില്ല. റഷ്യ, സ്ലോവാക്യ തുടങ്ങിയവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ലോക ജേതാക്കളായ ജര്‍മനി ഗ്രൂപ്പ് സിയിലാണ്. പോളണ്ട്, വടക്കന്‍ അയര്‍ലന്‍ഡ്, ഉക്രൈന് എന്നിവരാണ് മറ്റു ടീമുകള്‍. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ഫ്രാന്‍സ് റൊമാനിയയെ നേരിടും. ജൂണ്‍ 10നാണ് മത്സരം. സ്വിറ്റ്സര്‍ലന്റ്, അല്‍ബേനിയ തുടങ്ങിയവരുള്ള ഗ്രൂപ്പ് എയിലാണ് ഫ്രാന്‍സ്.














