കൊച്ചി• എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ യൂബര്‍ ടാക്സിക്കെതിരെ ഓട്ടോ ഡ്രൈവര്‍മാരുടെ ഭീഷണി. ഗായിക സയനോര വിളിച്ച യൂബര്‍ ടാക്സി ഡ്രൈവറെ സംഘം ഭീഷണിപ്പെടുത്തി. ടാക്സിയില്‍ കയറാന്‍ ശ്രമിച്ച തന്നെ തടഞ്ഞതായും സയനോര സമൂഹമാധ്യമമായ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. തിരിച്ചു ബഹളം വച്ചപ്പോഴാണ് അവര്‍ പിന്‍വാങ്ങിയത്. ഒറ്റയ്ക്കു യാത്ര ചെയ്ത തനിക്കു സ്ത്രീയെന്ന പരിഗണന പോലും നല്‍കിയില്ല – അവര്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തേ, സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ വിദ്യ എന്ന യുവതിക്കും സമാനമായ അനുഭവം നേരിട്ടിരുന്നു. സ്റ്റേഷനുള്ളില്‍ വാഹനം കയറ്റരുതെന്നും പ്രീപെയ്ഡ് വാഹനം ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടാണ് അന്ന് ഒരു വിഭാഗം ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ യാത്രക്കാരിയെ ഭീഷണിപ്പെടുത്തുകയും യൂബര്‍ ഡ്രൈവറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തത്.













