ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ ഭര്‍ത്താവിനെ ബന്ദിയാക്കിയ ശേഷം യുവതിയെ കൂട്ടമാനഭംഗപ്പെടുത്തിയതായി പരാതി. ഭര്‍ത്താവിനെ മര്‍ദിച്ച് അവശനാക്കി കെട്ടിയിട്ടശേഷം തോക്കിന്‍മുനയില്‍ നിറുത്തിയാണ് ഇരുപത്തിയഞ്ചുകാരിയെ കൂട്ടമാനഭംഗപ്പെടുത്തിയത്.
വെള്ളിയാഴ്ച രാവിലെ ആയിരുന്നു സംഭവം. മൂന്നു മാസം പ്രായമുള്ള കുഞ്ഞുമായി മുസാഫര്‍നഗറിന് സമീപത്തെ ബസേര ഗ്രാമത്തില്‍ പോയ ശേഷം മോട്ടോര്‍ സൈക്കിളില്‍ മടങ്ങുകയായിരുന്നു ദമ്പതികള്‍. യാത്രയ്ക്കിടെ കാറിലെത്തിയ അക്രമികള്‍ ബൈക്കിനെ തള്ളിയിട്ട ശേഷം ദമ്പതികളെ സമീപത്തെ കരിമ്പിന്‍ തോട്ടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി.
അവിടെവച്ച് യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി കെട്ടിയിട്ടു. പിന്നീടാണ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി യുവതിയെ മാനഭംഗപ്പെടുത്തിയത്. സംഭവത്തിന് ശേഷം അക്രമികള്‍ കാറില്‍ രക്ഷപ്പെട്ടു. യുവതിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് മൂവരേയും ആശുപത്രിയിലെത്തിച്ചത്.
യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.













