യു.എ.പി.എ ചുമത്തിയ സംഭവം;മുഖ്യമന്ത്രി ഡിജിപിയോട് വിശദീകരണം തേടി


തിരുവനന്തപുരം: കോഴിക്കോട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി വിശദീകരണം തേടി. സംസ്ഥാന പോലീസ് മേധാവിയോടാണ് മുഖ്യമന്ത്രി ഫോണില്‍ വിളിച്ച്‌ വിശദീകരണം തേടിയത്.


യുഎപിഎ നിയമത്തെ വ്യാപകമായി എതിര്‍ക്കുന്ന പാര്‍ട്ടിയാണ് സി.പി.എം. നേരത്തെ സിപിഎം നേതാവ് പി.ജയരാജനെതിരെ യുഎപിഎ ചുമത്തിയപ്പോള്‍ സിപിഎം ശക്തമായി പ്രതിഷേധിച്ചിരുന്നു. യുഎപിഎ കരിനിയമമാണെന്നും സിപിഎം ആരോപിച്ചിരുന്നു.


കോഴിക്കോട് പന്തീരാങ്കാവിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെയാണ് മാവോവാദി അനുകൂല ലഘുലേഖ വിതരണം ചെയ്‌തെന്ന് ആരോപിച്ച്‌ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് നിരവധി ലഘുലേഖകള്‍ പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു.
വിദ്യാര്‍ഥികളായ രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ സംഭവത്തില്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്ററും രംഗത്തെത്തിയിരുന്നു. പോലീസ് ആഴത്തിലുള്ള പരിശോധന നടത്തിയതിനുശേഷം മാത്രമേ യു.എ.പി.എ. പോലെയുള്ള വകുപ്പുകള്‍ ചുമത്താവൂ എന്നും മാവോവാദികളുമായി സൗഹൃദമുണ്ടെന്ന് പറഞ്ഞ് യു.എ.പി.എ. ചുമത്തുന്നത് ശരിയല്ലെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.



Sharing is Caring