യുവേഫ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ്, കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റി, ടോട്ടനം, ബസിക്റ്റാസ്, നാപോളി, സെവിയ, പോര്‍ട്ടോ ടീമുകള്‍ക്ക് ജയം. റയല്‍ ജര്‍മ്മന്‍ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെയും സിറ്റി ഷക്തറിനെയും ടോട്ടനം അപോയല്‍ നിക്കോസിയയെയും പോര്‍ട്ടോ മൊണാക്കോയെയും ബെസിക്റ്റാസ് ആര്‍ബി ലീപ്സിഗിനെയും നാപോളി ഫെയര്നൂദിനെയും തോല്‍പ്പിച്ചപ്പോള്‍ ലിവര്‍പൂള്‍ തുടര്‍ച്ചയായ രണ്ടാം കളിയിലും സമനിലയില്‍ കുരുങ്ങി. സ്പാര്‍ട്ടക് മോസ്കോയാണ് ലിവര്‍പൂളിനെ 1-1ന് സമനിലയില്‍ കുടുക്കിയത്.
രണ്ടാം ജയവുമായി സിറ്റി

ഗ്രൂപ്പ് എഫില്‍ ഷക്തര്‍ ഡൊനെറ്റ്സ്കിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് മാഞ്ചസ്റ്റര്‍ സിറ്റി തുടര്‍ച്ചയായ രണ്ടാം ജയം നേടിയത്. സൂപ്പര്‍ താരം സെര്‍ജിയോ അഗ്യൂറോ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ കളിയില്‍ 48-ാം മിനിറ്റില്‍ കെവിന് ഡിബ്രൂയനും 90-ാം മിനിറ്റില്‍ റഹിം സ്റ്റര്ലിങുമാണ് ഗോള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ സീരി എ ക്ലബ് നാപോളി ആദ്യ ജയം നേടി. സ്വന്തം മൈതാനത്ത് നടന്ന കളിയില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഫെയ്നൂര്‍ദിനെ തോല്‍പ്പിച്ചു. ഇന്‍സിഗ്നെ, മെര്‍ട്ടന്‍സ്, കല്ലെജന്‍ എന്നിവര്‍ ഗോള്‍ നേടി.
ഹാട്രിക്ക് തിളക്കത്തില്‍ വിസാം ബെന്‍ യെഡ്ഡര്‍
ഗ്രൂപ്പ് ഇയില്‍ സെവിയ ആദ്യ വിജയം നേടിയത് വിസാം ബെന്‍ യെഡ്ഡറുടെ ഹാട്രിക്ക് തിളക്കത്തില്‍. ആദ്യ മത്സരത്തില്‍ ലിവര്‍പൂളിനോട് സമനില പാലിച്ച സെവിയ ഇന്നലെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് സ്ലൊവേനിയന്‍ ക്ലബ് മാരിബോറിനെ തകര്‍ത്തു. 27, 38 മിനിറ്റുകളില്‍ ലക്ഷ്യം കണ്ട വിസാം ബെന്‍ 83-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് ഹാട്രിക്ക് തികച്ചത്.
ക്രിസ്റ്റിയാനോ ഡബിളില്‍ റയല്‍
സ്പാനിഷ് ലീഗില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയാത്ത റയല്‍ ചാമ്പ്യന്‍സ് ലീഗിലെ മിന്നുന്ന പ്രകടനം തുടരുന്നു. ഗ്രൂപ്പ് എച്ചിലെ രണ്ടാം മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ തകര്‍ത്തു. ബൊറൂസിയയുടെ തട്ടകമായ സിഗ്നല്‍ ഇദുന്ഡ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോളുകളാണ് റയലിനെ വിജയത്തിലേക്ക് നയിച്ചത്.
ലാ ലിഗയില്‍ പതിവിനു വിരുദ്ധമായി നിശബ്ദമായിപ്പോയ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെയും ഗരത്ത് ബെയ്ലിന്റെയും ബൂട്ടുകള്‍ ഈ ഗോള്‍ കണ്ടെത്തിയത് റയല്‍ കോച്ച് സിനദിന്‍ സദാനെ ഏറെ സന്തോഷിപ്പിക്കും. റയലിനായി 18-ാം മിനിറ്റില്‍ ബെയ്ല് ആദ്യ ഗോള്‍ നേടി. 50, 79 മിനിറ്റുകളിലായിരുന്നു ക്രിസ്റ്റിയാനോയുടെ ഗോളുകള്‍. ബൊറൂസിയയുടെ തട്ടകത്തില്‍ ചെന്ന് റയല്‍ നേടിയ ആദ്യ വിജയമായി ഇത്. ഇതുവരെ ഇവിടെ കളിച്ച ആറു ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ മൂന്നു വീതം സമനിലയും തോല്‍വിയും സ്വന്തമാക്കാനെ റയലിനായിരുന്നുള്ളൂ.
അറ്റാക്കിങ് ഫുട്ബോളിന്റെ വക്താക്കളായ റയലും ബൊറൂസിസിയയും ഏറ്റുമുട്ടിയപ്പോള്‍ വാശിയേറിയ കളിയാണ് മൈതാനത്ത് കണ്ടത്. പതര്‍ച്ചയോടെയായിരുന്നു റയലിന്റെ തുടക്കം. എന്നാല്‍ പതുക്കെ കളം പിടിച്ച റയല്‍ 18-ാം മിനിറ്റില്‍ ലീഡെടുത്തു.
മൈതാനത്തിന്റെ മധ്യത്തില്‍ നിന്നും കാര്‍വജാല്‍ നീട്ടി നല്കിയ ക്രോസ് ബോക്സിനുള്ളിലേക്ക് ഓടിയെത്തിയ ബെയിലിന്റെ ഇടം കാലിലേക്ക്. പന്തു നിലംതൊടും മുന്‍പേ ബെയ്ല് തൊടുത്ത ഷോട്ട് ബൊറൂസിയ ഗോള്‍കീപ്പറെ നിഷ്പ്രഭനാക്കി പോസ്റ്റിന്റെ വലതുമൂലയില്‍ തുളച്ചുകയറി. സമനില പിടിക്കാനായി ബൊറൂസിയ ആഞ്ഞുപൊരുതിയെങ്കിലും പ്രതിരോധത്തില്‍ നായകന് സെര്‍ജിയോ റാമോസിന്റെയും കാര്വജാലിന്റെയും ഗോള്‍കീപ്പര്‍ കെയ്ലര് നവാസിന്റെയും ഉജ്ജ്വല പ്രകടനം റയലിന്റെ രക്ഷക്കെത്തി.
രണ്ടാം പകുതി തുടങ്ങി അധികം വൈകും മുന്‍പേ റയല്‍ ലീഡ് ഉയര്‍ത്തി. ഇത്തവണ ഗോളിനു വഴിയൊരുക്കാനുള്ള നിയോഗം ബെയ്ലിന്. ഇടതുവിങ്ങിലൂടെ കയറിവന്ന് ബെയ്ല് നല്കിയ അളന്നുമുറിച്ചുള്ള ക്രോസ് ഗോളിലേക്കു തിരിച്ചുവിടേണ്ട ചുമതലയേ റൊണാള്ഡോയ്ക്കുണ്ടായിരുന്നുള്ളൂ. രണ്ടുഗോളിനു പിന്നിലായതോടെ ബൊറൂസിയ ആക്രമണത്തിനു മൂര്‍ച്ച കൂട്ടി. ഇതിന്റെ ഫലമായി അഞ്ചു മിനിറ്റുകള്‍ക്കുള്ളില്‍ ഔബമെയാങ്ങിന്റെ വക മറുപടി ഗോളെത്തി. ഇടതു വിങ്ങില്‍ നിന്നും ഗോണ്‍സാലോ കാസ്ട്രോ നല്കിയ ക്രോസ്സാണ് ഔബമെയാങ് റയല്‍ വലയിലെത്തിച്ചത്. 79-ാം മിനിറ്റില്‍ റയലിന്റെ പട്ടിക പൂര്‍ത്തിയായി. ലൂക്കാ മോഡ്രിച്ചിന്റെ പാസ്സില്‍ നിന്നും ക്രിസ്റ്റ്യാനോയുടെ ഫസ്റ്റ് ടൈം ബുള്ളറ്റ് ഷോട്ട്. ഗോളിക്ക് യാതൊരു അവസരവും നല്‍കാതെ പന്തു വലയില്‍. ഇതോടെ ബൊറൂസിയക്ക് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പരാജയം നേരിടേണ്ടിവന്നു. ആദ്യ മത്സരത്തില്‍ ടോട്ടനത്തോടായിരുന്നു തോല്‍വി.
മറ്റൊരു മത്സരത്തില്‍ ഹാരി കെയ്ന്റെ ഇരട്ട ഗോള്‍ കരുത്തിലാണ് ടോട്ടനം അപോയല്‍ നിക്കോസിയയെ 3-0ന് തകര്‍ത്തത്. നാലാം മിനിറ്റില്‍ സണ്‍ ഹ്യുങ് മിന്നിലൂടെ ലീഡ് നേടിയ ടോട്ടനത്തിനായി 15, 60 മിനിറ്റുകളിലായിരുന്നു കെയ്ന്റെ ഗോളുകള്‍. ഗ്രൂപ്പില്‍ രണ്ട് കളികളും ജയിച്ച് റയലും ടോട്ടനവും ഒപ്പത്തിനൊപ്പം.












