കൊല്ലം: നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുലര്‍ച്ചെ നടക്കാനിറങ്ങുന്ന സ്ത്രീകളുടെയും യാത്രക്കാരുടെയും മാല ബൈക്കിലെത്തി കവര്‍ന്ന കേസുകളിലെ പ്രതികള്‍ അറസ്റ്റിലായി. മങ്ങാട് മഴനെല്ലി പടിഞ്ഞാറ്റതില്‍ ശരത് (19), മങ്ങാട് മുള്ളൂര്‍ കായല്‍വാരത്ത് അമല്‍ (18) എന്നിവരാണ് അറസ്റ്റിലായത്.
കുറ്റിച്ചിറ സ്വദേശിനിയുടെ മൂന്നര പവന് തൂക്കം വരുന്ന സ്വര്‍ണമാലയും വെട്ടുവിളയില്‍ കാല്‍നട യാത്രക്കാരിയുടെ കഴുത്തില്‍ കിടന്ന മാലയും കഴിഞ്ഞ ദിവസം ഇവര്‍ കവര്‍ന്നിരുന്നു. ഇതിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. പത്തിലേറെ സ്ഥലങ്ങളില്‍ നിന്ന് മുമ്ബ് മാല കവര്‍ന്നതായി ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. മുഖത്തല അമ്ബലം, പുന്തലത്താഴം, ഈഴവപ്പാലം തുടങ്ങിയ സ്ഥലങ്ങളില്‍ കാല്‍നട യാത്രികരുടെ മാല പൊട്ടിച്ചതും പൊട്ടിക്കാന്‍ ശ്രമിച്ചതും ഇവരാണ്.

അഞ്ചാലുംമൂട്, ഇരവിപുരം, കിളികൊല്ലൂര്‍, കൊട്ടിയം തുടങ്ങിയ സ്റ്റേഷന് പരിധികളില്‍ മുമ്ബ് നിരവധി തവണ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ കേസുകളില്‍ ഇവര്‍ക്കുള്ള പങ്കിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. അഞ്ചാലുംമൂട് സി.ഐ കെ. അനില്‍കുമാര്‍,സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ കെ. ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണവും അറസ്റ്റും. പ്രതികളെ ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കും.
കുറ്റകൃത്യത്തിന് പ്രത്യേക പരിശീലനം, ആര്‍ഭാട ജീവിതം ലക്ഷ്യം
വ്യക്തമായ ആസൂത്രണത്തോടെയാണ് യുവാക്കള്‍ ഓരോ തവണയും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്. മാല പൊട്ടിക്കുന്നതിന് മുമ്ബ് പ്രദേശത്തിന്റെ സ്വഭാവത്തെക്കുറിച്ച് പ്രത്യേക നിരീക്ഷണം നടത്തിയിരുന്നു. മാല പൊട്ടിച്ച ശേഷം നാട്ടുകാരുടെയും പൊലീസിന്റെയും കയ്യില്‍പ്പെടാതെ സുരക്ഷിതമായി ബൈക്കില്‍ രക്ഷപ്പെടാനുള്ള വഴികളും ഇവര്‍ മുന്‍കൂട്ടി കണ്ടുവെച്ചിരുന്നു.
സ്ത്രീകളുടെ കഴുത്തില്‍ നിന്ന് മാല പൊട്ടിക്കുന്നതിന് പ്രത്യേക പരിശീലനം നടത്തിയിരുന്നു. ആര്‍ഭാട ജീവിതത്തിനും അനാവശ്യ ആഡംബരങ്ങള്‍ക്കും വേണ്ടിയായിരുന്നു മോഷണങ്ങളൊക്കെയും. മോഷ്ടിച്ച മാലകള്‍ വിറ്റും പണയം വെച്ചും കിട്ടുന്ന പണം കൊണ്ട് വില കൂടിയ വസ്ത്രങ്ങളും മൊബൈല്‍ ഫോണുകളും ഇവരുവരും വാങ്ങി.
മുമ്ബ് നിരവധി തവണ മോഷണം നടത്തിയപ്പോള്‍ പിടിക്കപ്പെടാതിരുന്നതാണ് പിന്നീടുള്ള മോഷണങ്ങള്‍ക്ക് ധൈര്യം കൊടുത്തത്. പൊലീസിന് ഒരു തരത്തിലും സംശയം തോന്നാതിരുന്നതിനാല്‍ ഒരിക്കലും പിടിക്കപ്പെടില്ലെന്നായിരുന്നു വിശ്വാസം. പ്ലസ് ടു കഴിഞ്ഞ ശേഷം മറ്റ് കോഴ്സുകള്‍ക്കൊന്നും രണ്ടുപേരും ചേര്‍ന്നിട്ടില്ല.













