യുത്ത് കോണ്‍ഗ്രസ് നേതാവ് വെട്ടേറ്റുമരിച്ചു; കണ്ണൂരില്‍ ഇന്ന് ഹര്‍ത്താല്‍


എടയന്നൂരിനടുത്ത് തെരൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊന്നു. മട്ടന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി ഷുഹൈബാ(30)ണ് മരിച്ചത്. ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.


അര്‍ധരാത്രിയോടെയുണ്ടായ അക്രമത്തില്‍ പരിക്കേറ്റ ഷുഹൈബിനെ കോഴിക്കോടെ ആസ്​പത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.രാത്രി 11.30-ഓടെ തെരൂരിലെ തട്ടുകടയില്‍ ചായകുടിക്കുന്നതിനിടെ വാനിലെത്തിയ സംഘം ബോംബെറിയുകയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ റിയാസ് (36), പള്ളിപ്പറമ്ബത്ത് നൗഷാദ് (28) എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികള്‍ വാനില്‍ കയറി രക്ഷപ്പെട്ടു.


മൂന്നാഴ്ചമുമ്ബ് എടയന്നൂര്‍ എച്ച്‌.എസ്.എസില്‍ എസ്.എഫ്.ഐ.-കെ.എസ്.യു. സംഘര്‍ഷമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഷുഹൈബ് റിമാന്‍ഡിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ ചൊവ്വാഴ്ച രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് ഡി.സി.സി. പ്രസിഡന്റ് സതീശന്‍ പാച്ചേനി അറിയിച്ചു. വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. എടയന്നൂര്‍ സ്കൂളിന് സമീപത്തെ മുഹമ്മദിന്റെയും റംലയുടേയും മകനാണ് മരിച്ച ഷുഹൈബ്. മൂന്ന് സഹോദരിമാരുണ്ട്.



Sharing is Caring