മോഷ്ടാക്കളെന്ന് സംശയം, മഹാരാഷ്ട്രയില്‍ രണ്ട് പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു


മുംബയ്: മോഷ്ടാക്കളെന്ന് സംശയിച്ച്‌ രണ്ട് പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. മഹാരാഷ്ട്രയിലെ ഒൗറംഗാബാദിലാണ് സംഭവം. ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


ഒൗറംഗാബാദിലെ ചന്ദഗോണ്‍ ഗ്രാമത്തിലെ ഒരു ഫാമിന്റെ സമീപത്ത് നിന്നാണ് എട്ട് പേരെ ആള്‍ക്കൂട്ടം പിടികൂടിയത്. ഇവര്‍ ഇവിടെ മോഷണത്തിനെത്തിയതെന്ന് കരുതി ആള്‍ക്കൂട്ടം മരപ്പലകയും ഇരുമ്ബ് ദണ്ഡും ഉപയോഗിച്ച്‌ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. രണ്ട് പേരും സംഭവ സ്ഥലത്ത് നിന്ന് തന്നെ മരിച്ചു.


സംഭവത്തില്‍ കണ്ടാലറിയുന്ന 300പേര്‍ക്കെതിരെ പൊലീസ് കേസെടുത്ത്. കഴിഞ്ഞ ദിവസം അസമില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരുടെ സംഘത്തില്‍പ്പെട്ടവരാണെന്ന് സംശയിച്ച്‌ രണ്ട് യുവാക്കളെ ആള്‍ക്കൂട്ടം തല്ലിക്കൊന്നിരുന്നു. സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തില്‍ ആള്‍ക്കൂട്ടം ഇവരെ തടഞ്ഞുവയ്ക്കുകയും പിന്നീട് കെട്ടിയിട്ട് മര്‍ദ്ദിക്കുകയുമായിരുന്നു.



Sharing is Caring