മോദിയുടെ സുഹൃത്തിന് നികുതിദായകര്‍ 1ലക്ഷം കോടി നല്‍കണമെന്ന് രാഹുല്‍ ഗാന്ധി

റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉന്നയിക്കുന്ന ആരോപണം കനക്കുന്നു. പ്രധാനമന്ത്രിയുടെ സുഹൃത്തിന് നമ്മുടെ രാജ്യത്തെ നികുതിദായകര്‍ അടുത്ത അന്‍പത് വര്‍ഷം ഒരു ലക്ഷം രൂപ കെട്ടിവയ്ക്കേണ്ട അവസ്ഥയാണെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു.

രാജ്യം വാങ്ങുന്ന 36 റാഫേല്‍ വിമാനങ്ങള്‍ക്ക് വേണ്ടിയായിരിക്കും ഇത്രയും ഭീമമായ തുക നികുതി ദായകര്‍ നല്‍കേണ്ടിവരികയെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ‘മിസ്റ്റര്‍ 56 ന്റെ സുഹൃത്ത്’ എന്നാണ് മോദിയെ പരിഹസിച്ച്‌ രാഹുല്‍ ട്വിറ്ററില്‍ ഉപയോഗിച്ച വാക്ക്. റാഫേല്‍ വിമാനം വാങ്ങുന്നതിലൂടെ നരേന്ദ്രമോദിയുടെ സുഹൃത്ത് 1.30 ലക്ഷം കോടി രൂപ ലാഭമുണ്ടാക്കിയെന്ന് രാഹുല്‍ ഗാന്ധി നേരത്തെ ആരോപിച്ചിരുന്നു. മോദിയും പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനും രാജ്യത്തോട് കള്ളം പറയുകയാണെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.

എന്തുകൊണ്ടാണ് 30,000 കോടിയുടെ അനുബന്ധകരാര്‍ പൊതുമേഖലാ സ്ഥാപനമായ എച്ച്‌.എ.എല്ലിന് നല്‍കാതെ സ്വകാര്യസ്ഥാപനത്തിന് നല്‍കിയതെന്നും ഒരു വിമാനം പോലും നിര്‍മ്മിച്ചു പരിചയമില്ലാത്ത കമ്ബനിക്ക് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിരോധ കരാര്‍ നല്‍കിയെന്നു പാര്‍ട്ടി വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ആരോപിച്ചിരുന്നു. യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് നടന്ന ഇടപാടുകളുടെ വിവരങ്ങള്‍ രഹസ്യമാക്കിവച്ചുവെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്‌റ്റലി പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവന തെറ്റാണെന്നും പ്രതിരോധ കരാറുകളുടെ വിവരങ്ങള്‍ അന്ന് വെളിപ്പെടുത്തിയിരുന്നുവെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. പ്രണബ് മുഖര്‍ജി, എ.കെ. ആന്റണി എന്നിവര്‍ പ്രതിരോധ മന്ത്രിമാരായിരുന്നപ്പോള്‍ അക്കാര്യങ്ങള്‍ പാര്‍ലമെന്റില്‍ വെളിപ്പെടുത്തിയിരുന്നതിന്റെ വിവരങ്ങള്‍ പാര്‍ട്ടി പുറത്തുവിട്ടിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *