ദില്ലി: സിം കാര്‍ഡ് എടുക്കണമെങ്കില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്നും ആധാര്‍ കാര്‍ഡ് കൂടാതെ സിം എടുത്തവര്‍ ഫോണ്‍ നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്യണമെന്നുമുള്ള കേന്ദ്രത്തിന്റെ തീരുമാനങ്ങള്‍ ജനങ്ങളെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ സിം കണക്ഷന്‍ കട്ടാകുമെന്നുള്ള ഭീഷണി പ്രതിഷേധങ്ങള്‍ക്ക് വഴി വച്ചിരുന്നു.
പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ സിം കണക്ഷന്‍ എടുക്കാന്‍ ആധാര്‍ കാര്‍ഡ് ആവശ്യമില്ലെന്ന പ്രസ്താവന ഇറക്കിയിരിക്കുകയാണ് കേന്ദ്ര ടെലികോം മന്ത്രാലയം. ആധാര്‍ കാര്‍ഡ് ഇല്ലാതെ സിം കാര്‍ഡ് ലഭിക്കില്ലെന്ന അവസ്ഥ വിവാദത്തിന് കാരണമായിരുന്നു. ഇതേത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം മാറ്റിയിരിക്കുന്നത്.

2017ലാണ് ആധാര്‍ നമ്ബര്‍ മൊബൈല്‍ ഫോണ്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. തീരുമാനം മാറ്റിയതോടെ ആധാര്‍ കാര്‍ഡിന് പകരം സിം കണക്ഷന് ഇനി ഡ്രൈംവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, വോട്ടേഴ്‌സ് ഐഡി എന്നിവയിലേതെങ്കിലും തിരിച്ചറിയല്‍ രേഖ നല്‍കിയാല്‍ മതി.
അതേസമയം രാജ്യത്ത് ആധാര്‍ കാര്‍ഡ് ഇല്ലാത്ത നിരവധിയാളുകളുണ്ടെന്നും ഇവര്‍ക്കൊക്കെ സിം കണക്ഷന്‍ എടുക്കുന്നതിന് തടസ്സമാകുന്ന തീരുമാനം മാറ്റണമെന്നും സുപ്രിംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തിയെന്നും പിന്നീട് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ലെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും കേന്ദ്ര ടെലികോം മന്ത്രാലയം അറിയിച്ചു.













