മെസിക്കും സമ്മതിക്കേണ്ടി വന്നു; ഈ ബാഴ്‌സാ താരം സാവിക്ക് പകരക്കാരന്‍

ബാഴ്‌സലോണയില്‍ നിന്നും സാവി വിരമിച്ചതിനു ശേഷം താരത്തിനൊരു പകരക്കാരനെ കണ്ടെത്തുക എന്നത് ബുദ്ധമുട്ടേറിയ കാര്യമായി മാറുകയായിരുന്നു. പകരക്കാരനെ കണ്ടെത്താനായി മാത്രം ബാഴ്‌സ ചെലവഴിച്ചത് മുന്നൂറ് ദശലക്ഷം യൂറോയിലധികമാണ്. ഡെനിസ് സുവാരസ്, ആന്ദ്രേ ഗോമസ്, പൗലീന്യോ, ആര്‍ദ ടുറാന്‍, പൗലീന്യോ, കുട്ടീന്യോ, ആര്‍തര്‍ മെലോ എന്നിങ്ങനെ നിരവധി താരങ്ങളെയാണ് ബാഴ്‌സ സാവിക്ക് പകരക്കാരനായി ടീമിലെത്തിച്ചത്.

എന്നാല്‍, സാവി ടീം വിട്ടതിന് ശേഷം ബാഴ്‌സ ഒരു ചാന്‍സ് ലീഗ് കിരീടം പോലും നേടിയിട്ടില്ലെന്നതു മാത്രം മനസിലാക്കിയാല്‍ മതി താരം ബാഴ്‌സക്ക് എത്ര പ്രധാനപ്പെട്ടതാണെന്നു മനസിലാക്കാന്‍. എന്തായാലും ഈ സീസണില്‍ മധ്യനിരയിലേക്ക് മികച്ച താരങ്ങളെ ഇറക്കിയ ബാഴ്‌സലോണ ചാംപ്യന്‍സ് ലീഗ് കിരീടം തന്നെയാണ് ലക്ഷ്യം വക്കുന്നത്. അതില്‍ തന്നെ ബ്രസീലിയന്‍ താരം ആര്‍തര്‍ മെലോ മിഡ്ഫീല്‍ഡില്‍ സാവിക്കു പകരക്കാരനാവുമെന്നു പറയുന്നത് ബാഴ്‌സയുടെ ഇതിഹാസം മെസിയാണ്.

സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ടീമിലെത്തിയ താരങ്ങളെല്ലാം മികച്ചതാണെങ്കിലും അതില്‍ തന്നെ കൂടുതല്‍ അതിശയിപ്പിച്ച താരം ആര്‍തറാണെന്ന് മെസി പറഞ്ഞു. ടീമില്‍ വരുന്നതിന് മുമ്പ് ആര്‍തറിനെ തനിക്കറിയില്ലായിരുന്നുവെന്നും എന്നാല്‍ താരം തന്നെ ട്രയിനിംഗില്‍ വിമയിപ്പിച്ചുവെന്നും മെസി വെളിപ്പെടുത്തി. പന്ത് കാലില്‍ കൂടുതല്‍ സമയം വെച്ചു കളിക്കാനിഷ്ടപ്പെടുന്ന താരം ചെറിയ പാസുകളും ലോംഗ് പാസുകളും കളിക്കുമെന്നും കാലില്‍ നിന്ന് പന്ത് നഷ്ടപ്പെടുത്തുന്നത് അപൂര്‍വ്വമാണെന്നും മെസി പറഞ്ഞു.

സാവിക്ക് പകരക്കാരനാവാന്‍ പ്രാപ്തനായ താരം പൊസഷന്‍ ഫുട്‌ബോളിന് ഊന്നല്‍ നല്‍കുന്ന ബാഴ്‌സ മധ്യനിരക്ക് കരുത്തേകുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ബാഴ്‌സ സൂപ്പര്‍താരം വെളിപ്പെടുത്തി. ആര്‍തറിന് പുറമേ ടീം ടാക്ടിക്‌സിന്റെ ഭാഗമായി ടീമിലെത്തിച്ചു വിദാലും ബാഴ്‌സക്ക് പ്രധാനപ്പെട്ട സൈനിങ്ങാണെന്നും മെസി പറഞ്ഞു.

ഇനിയേസ്റ്റ ടീം വിട്ടതോടെ ബാഴ്‌സ മധ്യനിരയിലേക്കെത്തിയ ആര്‍തര്‍ ഇന്റര്‍നാഷണല്‍ ചാംപ്യന്‍സ് കപ്പില്‍ ടോട്ടനത്തിനെതിരെ ഒരു തകര്‍പ്പന്‍ ഗോള്‍ നേടിയാണ് തന്റെ വരവറിയിച്ചത്. എന്നാല്‍, റാകിറ്റിച്ച് ടീമില്‍ തിരിച്ചെത്തിയതോടെ ഇപ്പോള്‍ ബാഴ്‌സയുടെ ആദ്യ ഇലവനില്‍ താരം ഇടം പിടിക്കാറില്ല. നിലവില്‍ ലാലിഗയില്‍ പകരക്കാരനായി മുപ്പത് മിനിറ്റ് മാത്രം കളിച്ച താരം ഒരു അസിസ്റ്റ് സ്വന്തമാക്കിയിട്ടുണ്ട്.

അതേസമയം, മിഡ്ഫീല്‍ഡ് മികച്ചതാണെങ്കിലും ബാഴ്‌സയിലേക്ക് മികച്ച മധ്യനിര താരങ്ങള്‍ ഇനിയുമെത്തുമെന്നാണ് സൂചനകള്‍. പോഗ്ബ, റാബിയോട്ട്, ഡി ജോംഗ് എന്നീ താരങ്ങളെയാണ് ബാഴ്‌സ അടുത്ത സമ്മറില്‍ ടീമിലെത്തിക്കാന്‍ ലക്ഷ്യം വെക്കുന്നത്.

പുതിയതായി ടീമിലെത്തിയ ബ്രസീലിയന്‍ താരം ആര്‍തറില്‍ നിന്നും സാവിക്ക് പകരം വെക്കാവുന്ന ഒരു താരത്തെ തന്നെ ബാഴ്‌സലോണക്ക് പ്രതീക്ഷിക്കാമെന്നാണ് ബാഴ്‌സലോണ താരങ്ങളും പരിശീലകനും പറയുന്നത്. ഇന്റര്‍നാഷണല്‍ ചാംപ്യന്‍സ് കപ്പില്‍ ടോട്ടനം ഹോസ്പറിനെതിരെയാണ് ആര്‍തര്‍ ബാഴ്‌സലോണ ജേഴ്‌സിയില്‍ ആദ്യ മത്സരത്തിനിറങ്ങിയത്. ആര്‍തറിന് നിരവധി പ്രശംസയാണ് ഇപ്പോള്‍ ലഭിക്കുന്നത്.

സാധാരണയായി താരതമ്യപ്പെടുത്തല്‍ തനിക്കു താല്‍പര്യമില്ലാത്ത കാര്യമാണെങ്കിലും ആര്‍തര്‍ക്ക് സാവിയുടെ പല ഗുണങ്ങളും കിട്ടിയിട്ടുണ്ടെന്ന് റഫീന്യ നേരത്തെ പറഞ്ഞിരുന്നു. താരം പന്ത് ടച്ച് ചെയ്യുന്നതും പാസു ചെയ്യുന്നതുമെല്ലാം സാവിയെയാണ് അനുസ്മരിപ്പിക്കുന്നതെന്നും ബഴ്‌സലോണക്ക് അനുയോജ്യനായ താരമാണ് ആര്‍തറെന്നും റഫീന്യ കൂട്ടിച്ചേര്‍ത്തു.

പരിശീലകന്‍ വാല്‍വെര്‍ദെയും താരത്തിന്റെ പ്രകടനത്തില്‍ തൃപ്തനാണ്. ബ്രസീലിയന്‍ ലീഗില്‍ നിന്നും വന്ന് സ്പാനിഷ് ലീഗില്‍ ആദ്യ മത്സരത്തില്‍ തന്നെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് കഴിഞ്ഞത് ബാഴ്‌സലോണയ്ക്ക് വളരെ ഗുണം ചെയ്യുമെന്ന് വാല്‍വെര്‍ദേ പറഞ്ഞു. ബ്രസീലിയന്‍ ഇനിയേസ്റ്റയെന്നറിയപ്പെടുന്ന ആര്‍തര്‍ ഗ്രമിയോയില്‍ നിന്നാണ് ബാഴ്‌സലോണയിലേക്ക് ചേക്കേറുന്നത്. ഏതാണ്ട് നാല്‍പതു ദശലക്ഷം യൂറോയോളം ചെലവാക്കി ടീമിലെത്തിച്ച താരം അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഗോള്‍ നേടിയത് ബാഴ്‌സ ആരാധകര്‍ക്ക് ആശ്വസിക്കാനുള്ള വക കൂടിയാണ്. മധ്യനിരയിലെ പ്രശ്‌നങ്ങള്‍ അലട്ടുന്ന ബാഴ്‌സലോണയെ മികച്ച ഫോമിലെത്തിക്കാന്‍ ആര്‍തറിനു കഴിയുമെന്നാണ് അവരുടെ പ്രതീക്ഷ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *