മെഡിക്കല്‍ കോളജ് കോഴ: ബിജെപി നേതാവ് എംടി രമേശിനെ കുറ്റവിമുക്തനാക്കി


തിരുവനന്തപുരം: ബിജെപി കേരള ഘടകത്തെ പിടിച്ചുലച്ച മെഡിക്കല്‍ കോളജ് കോഴ കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശിനെ ലോകായുക്ത കുറ്റവിമുക്തനാക്കി. മെഡിക്കല്‍ കോളജിന് അംഗീകാരം കിട്ടാന്‍ മെഡിക്കല്‍ കൗണ്‍സിിലന് കൈമാറാനെന്ന പേരില്‍ പണം വാങ്ങിയെന്നതാണ് കേസ്. ഈ കേസില്‍ എംടി രമേശ് വഴിയാണ് ഇടപാട് നടന്നതെന്ന് ആരോപണമുയര്‍ന്നത്. ഈ ആരോപണത്തെക്കുറിച്ച്‌ ലോകായുക്തയില്‍ വന്ന കേസിലാണ് എംടി രമേശിന് ക്ലീന്‍ ചിറ്റ് ലഭിച്ചിരിക്കുന്നത്.


രമേശിനെതിരേ തെളിവില്ലെന്ന് വ്യക്തമാക്കിയാണ് ലോകായുക്ത അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. എന്നാല്‍ ബിജെപിയുടെ സഹകരണ സെല്‍ കണ്‍വീനറായിരുന്ന ആര്‍എസ് വിനോദിനെതിരേയുള്ള കേസ് തുടരും. കോഴ ഇടപാടില്‍ മുഖ്യ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് വിനോദായിരുന്നു. ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് വിനോദിനെ പാര്‍ട്ടി പുറത്താക്കിയിരുന്നു.


കൊല്ലത്ത് മെഡിക്കല്‍ കോളജ് ആരംഭിക്കുന്നതിന് 5.6 കോടി രൂപ കോഴവാങ്ങി ദില്ലിയിലേക്ക് ഹവാലമാര്‍ഗത്തില്‍ അയച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്. ആരോപണത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം ചുമതലപ്പെടുത്തിയ കെപി ശ്രീശന്‍, എകെ നസീര്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് പാര്‍ട്ടിനേതാക്കള്‍ക്കുള്ള പങ്ക് വെളിച്ചത്തുകൊണ്ടുവരുന്ന റിപ്പോര്‍ട്ട് തയാറാക്കിയത്. റിപ്പോര്‍ട്ടില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശിന്റെ പേര് പരാമര്‍ശിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടിയതോടെയാണ് ബിജെപി നേതൃത്വം വെട്ടിലായത്.

പാര്‍ട്ടി നിയോഗിച്ച അന്വഷണ കമ്മീഷനില്‍ മൊഴി നല്‍കിയ മെഡിക്കല്‍ കോളജ് ഉടമ ആര്‍ ഷാജി നല്‍കിയ മൊഴി മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടുകയായിരുന്നു. ഈ റിപ്പോര്‍ട്ടില്‍ മറ്റൊരു മെഡിക്കല്‍ കോളജിന് അംഗീകാരം കിട്ടുന്നതിനായി എംടി രമേശ് മുന്‍കൈയെടുത്ത് പണം പിരിച്ച്‌ കേന്ദ്രത്തിലേക്ക് അയച്ചുവെന്ന് വിനോദ് തന്നോട് പറഞ്ഞിരുന്നുവെന്ന് ഷാജി വ്യക്തമാക്കിയതായി റിപ്പോര്‍ട്ട് വന്നതോടെയാണ് ആരോപണം രമേശിനെതിരേയും വന്നത്. ഇതിന് പിന്നാലെയാണ് ലോകായുക്തയില്‍ കേസ് വന്നത്. ഇടപാടിനെക്കുറിച്ച്‌ വിജിലന്‍സിലും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

അന്വേഷണ കമ്മീഷന്‍, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നല്‍കിയ റിപ്പോര്‍ട്ട് പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരില്‍ മേല്‍ക്കൈ നേടാന്‍ പാര്‍ട്ടി നേതാക്കളില്‍ ചിലര്‍തന്നെ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. റിപ്പോര്‍ട്ട് ചോര്‍ത്തിയത് ബിജെപിയിലെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായ വിവി രാജേഷാണെന്നും പാര്‍ട്ടിക്കുള്ളില്‍ ആരോപണം വന്നിരുന്നു. തുടര്‍ന്ന് രാജേഷിനെതിരേയും പാര്‍ട്ടി അച്ചടക്കനടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ രാജേഷിനെതിരേ നടപടി സ്വീകരിച്ചത് റിപ്പോര്‍ട്ട് ചോര്‍ത്തിയതിനല്ലെന്നും പാര്‍ട്ടി അച്ചടക്കലംഘനം നടത്തിയതിനാണെന്നുമാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വം വിശദീകരിച്ചത്.



Sharing is Caring