മെഡിക്കല്‍ കമ്മീഷന്‍ ബില്ല് സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിട്ടു

മെഡിക്കല്‍ കമ്മീഷന്‍ ബില്ല് ലോക് സഭയുടെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിട്ടു. പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. ബജറ്റ് സമ്മേളനത്തിന് മുമ്പ് റിപ്പോര്‍ട്ട് നല്‍കണം. ആരോഗ്യ മേഖലയില്‍ ഗുണകരമായ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ അറിയിച്ചു.

ബില്ല് കൊണ്ടുവരേണ്ടത് ആവശ്യമാണെന്നും അദ്ദേഹം രാജ്യസഭയില്‍ വ്യക്തമാക്കി. ബില്ലുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാര്‍ക്കുള്ള ആശങ്ക സംബന്ധിച്ച്‌ ഐഎംഎ പ്രതിനിധികളുമായി സംസാരിച്ചതായും നദ്ദ അറിയിച്ചു.

ഹോമിയോ, ആയുര്‍വേദം, യുനാനി തുടങ്ങി ഇതര ചികിത്സ പഠിച്ചവര്‍ക്ക് ബ്രിഡ്ജ് കോഴ്സിലൂടെ അലോപ്പതിയിലും ചികിത്സ ചെയ്യാനുള്ള അനുമതി മെഡിക്കല്‍ കമ്മീഷന്‍ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. എംബിബിഎസ് പാസാകുന്നവര്‍ക്ക് നെക്സ്റ്റ് പരീക്ഷ എഴുതിയാല്‍ മാത്രമേ പ്രാക്ടിസ് ചെയ്യാനാകൂ എന്നും ബില്ലില്‍ പറയുന്നു. ഗ്രാമ പ്രദേശങ്ങളിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാനാണ് ഈ നടപടി.

മെഡിക്കല്‍ കമ്മീഷന്‍ ബില്ലില്‍ ഉള്ള ഡോക്ടര്‍മാരുടെ ആശങ്ക നീക്കണമെന്ന് കോണ്‍ഗ്രസിന്റെയും സമാജ്വാദി പാര്‍ട്ടിയുടെയും അംഗങ്ങള്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടു. വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യാനുള്ള അവസരം ആയുഷിന് ചെറിയ കോഴ്സിലൂടെ നല്‍കുന്ന നടപടി വ്യാജവൈദ്യത്തിന് കാരണമാകുമെന്നാണ് ഐഎംഎയുടെ വാദം. ബില്ലിലെ വ്യവസ്ഥകള്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് എംബിബിഎസ് പഠനം അസാധ്യമാക്കുമെന്ന് ഐഎംഎ ദേശീയ അധ്യക്ഷന്‍ രവി വന്‍ഖേദ്കര്‍ ചൂണ്ടിക്കാട്ടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *