‘മെട്രൊയില്‍ യാത്രക്കാര്‍ കുറയുന്നത് സ്വാഭാവികം’; യാത്രാ നിരക്ക് കുറയ്ക്കണമെന്ന് ഇ. ശ്രീധരന്‍


കൊച്ചി മെട്രോയുടെ യാത്രാനിരക്ക് കുറയ്ക്കണമെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ഠാവ് ഡോ.ഇ. ശ്രീധരന്‍. നിലവില്‍ യാത്രാ നിരക്ക് കുറയ്ക്കണമെന്ന് അഭിപ്രായം ഉയരുന്നുണ്ടെന്ന് ഇ ശ്രീധന്‍ പറഞ്ഞു. മെട്രോയില്‍ തുടക്കത്തിലെ തിരക്കിനു ശേഷം യാത്രക്കാരുടെ എണ്ണം കുറയുന്നത് സ്വാഭാവികമാണെന്നും സര്‍വ്വീസ് ദീര്‍ഘിപ്പിക്കുന്നതോടു കൂടി ഇതില്‍ മാറ്റമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നെടുമ്പാശ്ശേരി വഴി മെട്രോ അങ്കമാലിയിലേക്ക് ദീര്‍ഘിപ്പിക്കുന്നതാകും ഉചിതം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരള ഹിസ്റ്ററി അസോസിയേഷന്റെ സിപി മമ്മു അവാര്‍ഡ് ഏറ്റുവാങ്ങാനെത്തിയതായിരുന്നു അദ്ദേഹം. അവാര്‍ഡ് തുകയായി പതിനായിരത്തി ഒന്നു രൂപ അസോസിയേഷനു തന്നെ മടക്കി നല്‍കി തുക ചരിത്ര ഗവേഷണത്തിനു ഉപയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മെട്രോ ഒരു വ്യക്തിയുടെ മാത്രം നേട്ടമെല്ലെന്നു ഇതിനു പിന്നില്‍ വലിയൊരു കൂട്ടായ്മയുടെ പ്രവര്‍ത്തനം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള മെട്രോ യാത്രയ്ക്ക് നാല്‍പ്പത് രൂപയാണ് കെഎംആര്‍എല്‍ ഈടാക്കുന്നത്.




Sharing is Caring