ന്യൂഡല്‍ഹി: താജ്മഹല്‍ പൊളിക്കില്ലെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണന്‍ സ്വാമി. താജ്മഹല്‍ തകര്‍ക്കില്ല, പകരം മുസ്ലീം ഭരണത്തിന് കീഴില്‍ തകര്‍ക്കപ്പെട്ട മൂന്ന് ക്ഷേത്രങ്ങള്‍ തിരികെ വേണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.
താജ്മഹല്‍ നിര്‍മ്മിച്ചത് ജെയ്പൂര്‍ രാജാവില്‍ നിന്നും തട്ടിയെടുത്ത ഭൂമിയിലാണ്. അവിടെ ക്ഷേത്രമുണ്ടായിരുന്നതായി തെളിവുണ്ട്. എന്നാല്‍ താജ്മഹല്‍ തകര്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്രം, മഥുരയിലെ കൃഷ്ണ ക്ഷേത്രം, വാരണാസിയിലെ കാശിവിശ്വനാഥ ക്ഷേത്രം എന്നിവയാണ് തിരികെ വേണ്ടത്. ഈ മൂന്ന് ക്ഷേത്രങ്ങള്‍ തിരികെ തന്നാല്‍ മറ്റ് ക്ഷേത്രങ്ങളെക്കുറിച്ച് തങ്ങള്‍ ആകുലപ്പെടില്ലെന്നും അദ്ദേഹം. പറഞ്ഞു. ബി.ജെ.പി നേതാക്കള്‍ കൂട്ടമായി താജ്മഹല്‍ വിരുദ്ധ പ്രസ്താവന നടത്തുന്നത് പതിവായതോടെയാണ് വിശദീകരണവുമായി സുബ്രമഹ്മണ്യന്‍ സ്വാമി രംഗത്ത് വന്നത്.

താജ്മഹല്‍ നിര്‍മ്മിച്ചിരിക്കുന്ന സ്ഥലം ജെയ്പൂര്‍ രാജവിന്റെതായിരുന്നെന്നും മുഗള്‍ ഭരണാധികാരിയായിരുന്ന ഷാജഹാന്‍ ഇത് തട്ടിയെടുക്കുകയായിരുന്നെന്നും നേരത്തെ സുബ്രമഹ്ണ്യന്‍ സ്വാമി ആരോപിച്ചിരുന്നു. താജ്മഹല്‍ നിര്‍മ്മിച്ചത് രാജ്യദ്രോഹികളാണെന്ന് ബി.ജെ.പി നേതാവ് സംഗീത് സോം പ്രഖ്യാപിച്ചതോടെയാണ് വിവാദം വീണ്ടും തലപൊക്കിയത്.













