മൂന്നാര്‍ വിഷയത്തില്‍ റവന്യൂമന്ത്രിയെ അറിയിക്കാതെ യോഗം


മൂന്നാര്‍ ഭൂമി വിഷയത്തില്‍ റവന്യൂ മന്ത്രിയെ ഒഴിവാക്കി മുഖ്യമന്ത്രിയുടെ ഓഫീസ് യോഗം വിളിച്ചു. മൂന്നാര്‍ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ തയ്യാറാക്കാനായിരുന്നു യോഗം.
റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനെയോ ഓഫീസിനെയോ യോഗത്തിന്റെ കാര്യം അറിയിച്ചിരുന്നില്ല. അഡ്വക്കേറ്റ് ജനറല്‍, അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍,വനിയമസെക്രട്ടറി എന്നിവര്‍ക്കൊപ്പം റവന്യു വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിയും യോഗത്തില്‍ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിനിധീകരിച്ച്‌ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജനാണ് യോഗത്തിനെത്തിയത്.
മൂന്നാറില്‍ കൃഷിയാവശ്യത്തിന് നല്‍കിയ ഭൂമിയില്‍ പലരും വീടുവച്ചിട്ടുണ്ടെന്നും ഇത് പതിവ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും യോഗം വിലയിരുത്തി. ഇവരെ കുടിയൊഴിപ്പിക്കാനാവാത്തതിനാല്‍ ഭൂപതിവ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തുകയാണ് വേണ്ടതെന്ന് യോഗം അഭിപ്രായപ്പെട്ടു. ഇതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അഡീഷണല്‍ ഏജിയോട് യോഗം ആവശ്യപ്പെട്ടു.
മൂന്നാര്‍ ടൗണ്‍ഷിപ്പിന്റെ പ്രത്യേക പദവി നല്‍കുന്ന കാര്യവും അതിനായി അതോറിട്ടി സ്ഥാപിക്കണോ എന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചയായി. എന്നാല്‍, ഇക്കാര്യങ്ങളില്‍ നയപരമായ തീരുമാനങ്ങള്‍ ആവശ്യമായതിനാല്‍ മുഖ്യമന്ത്രി, വനംമന്ത്രി, റവന്യൂമന്ത്രി എന്നിവര്‍ കൂടി ഉള്‍പ്പെടുന്ന യോഗം ചേര്‍ന്നാലേ തീരുമാനങ്ങളെടുക്കാനാവൂ.
റവന്യൂമന്ത്രിയെ അറിയിക്കാതെ യോഗം വിളിച്ചത് മൂന്നാര്‍ വിഷയത്തിന്റെ പേരില്‍ അഭിപ്രായവ്യതാസങ്ങളുള്ള സിപിഐയെ കൂടുതല്‍ ചൊടിപ്പിക്കാനാണ് സാധ്യത. ഒഴിപ്പിക്കല്‍ നടപടികള്‍ സംബന്ധിച്ച്‌ മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയിട്ടുള്ള നിര്‍ദേശങ്ങളില്‍ റവന്യു വകുപ്പ് കൈകാര്യം ചെയ്യുന്ന സിപിഐ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.




Sharing is Caring