മൂന്നര വര്‍ഷം 17,000 കിലോ, കോണ്‍സുലേറ്റിലെത്തിയ ഈന്തപ്പഴത്തിലും അസ്വാഭാവികത, കസ്റ്റംസ് അന്വേഷണം

യുഎഇ കോണ്‍സുലേറ്റ് വഴി ദുബായില്‍ നിന്ന് 17000 കിലോ ഈന്തപ്പഴം കൊണ്ടുവന്ന സംഭവം കസ്റ്റംസ് പ്രത്യേകമായി അന്വേഷിക്കും. കോണ്‍സുലേറ്റ് വഴി മത ഗ്രന്ഥം കൊണ്ടുവന്നത് പ്രത്യേകം അന്വേഷിക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് ഈന്തപ്പഴത്തിന്റെ ഇറുക്കുമതിയിലെ ചട്ട ലംഘനവും പരിശോധിക്കുന്നത്. സംഭവത്തില്‍ കസ്റ്റംസ് കേസെടുത്തു.
2016 ഒക്ടോബറില്‍ പ്രവര്‍ത്തനം തുടങ്ങിയതിന് പിന്നാലെ മുതല്‍ മൂന്നര വര്‍ഷത്തിനിടെ യുഎഇ കോണ്‍സുലേറ്റ് വഴിയെത്തിയത് 17000 കിലോ ഈന്തപ്പഴമാണെന്നാണ് കണക്കുകള്‍. സ്വന്തം ആവശ്യത്തിനെന്ന് വ്യക്തമാക്കി കോണ്‍സല്‍ ജനറലിന്റെ പേരില്‍ നികുതിയില്ലാതെ എത്തിയ ഈന്തപ്പഴം പുറത്ത് വിതരണം ചെയ്തതില്‍ ചട്ടലംഘനം നടന്നുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വാണിജ്യ ആവശ്യത്തിനല്ലാതെ ചുരുങ്ങിയ കാലയളവിനിടെ ഇത്രയധികം ഈന്തപ്പഴം ഇറക്കുമതി ചെയ്തതില്‍ അസ്വാഭാവികതയുണ്ടെന്ന വിലയിരുത്തലിലാണ് കസ്റ്റംസ് കേസെടുത്തത്.
ഈന്തപ്പഴം എത്തിച്ചതില്‍ അസ്വാഭാവികത ഉണ്ടെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെ ആരോപണം ഉന്നയിച്ചിരുന്നു. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ പത്ത് വര്‍ഷം കഴിച്ചാലും തീരാത്ത അത്ര ഈന്തപ്പഴം മുന്നര വര്‍ഷത്തിനിടെ എത്തിയത് ദൂരൂഹമാണെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. ഈന്തപ്പഴം ഇറക്കുമതിയുടെ മറവില്‍ സ്വര്‍ണം എത്തിച്ചിരുന്നോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *