മുസ്‌ലിം ഇതര അഭയാര്‍ഥികള്‍ക്ക് പൗരത്വം:സ്റ്റേ ആവശ്യപ്പെടുന്ന ലീഗ് അപേക്ഷ ചൊവ്വാഴ്ച സുപ്രീംകോടതിയില്‍

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ മുസ്ലിം ഇതര അഭയാർഥികൾക്ക് പൗരത്വം നൽകാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ മുസ്ലിം ലീഗ് നൽകിയ അപേക്ഷ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, വി. രാമസുബ്രമണ്യം എന്നിവർ അടങ്ങിയ ബെഞ്ചാണ് ലീഗിന്റെ അപേക്ഷ പരിഗണിക്കുന്നത്. സ്റ്റേ ആവശ്യം അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് എൻ.വി. രമണയ്ക്ക് ലീഗ് കത്ത് നൽകിയിരുന്നു.

മുസ്ലിം ലീഗിനു വേണ്ടി അഭിഭാഷകൻ ഹാരിസ് ബീരാൻ കത്ത് അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയിലെ രജിസ്ട്രാർ ലിസ്റ്റിങ് ചൊവ്വാഴ്ച പരിഗണിക്കുന്ന കേസുകളുടെ പട്ടികയിൽ സ്റ്റേ ആവശ്യപ്പെട്ടുള്ള അപേക്ഷ ഉൾപ്പെടുത്തിയത്. സീനിയർ അഭിഭാഷകൻ കപിൽ സിബൽ ആണ് മുസ്ലിം ലീഗിന് വേണ്ടി കോടതിയിൽ ഹാജരാകുക. മറ്റ് വിഭാഗങ്ങൾക്ക് പൗരത്വം നൽകുന്നതിനോട് ലീഗിന് എതിർപ്പില്ല. എന്നാൽ മുസ്ലിം വിഭാഗത്തെ ഒഴിവാക്കുന്നത് ഭരണഘടനാപരമായി തെറ്റാണെന്ന് കപിൽ സിബൽ കോടതിയെ അറിയിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *