മുലായം സിംഗ് യാദവിന്റെ മരുമകൾ ഇന്ന് ബി.ജെ.പിയിൽ ചേരുമെന്ന് അവകാശപ്പെട്ട് നേതാവ്

ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി മുലായം സിംഗ് യാദവിന്റെ മരുമകൾ അപർണ യാദവ് നാളെ ബിജെപിയിൽ ചേരുമെന്ന് മുതിർന്ന ബിജെപി നേതാവ് ചൊവ്വാഴ്ച രാത്രി അവകാശപ്പെട്ടു. അപർണ യാദവ് ബി.ജെ.പിയിൽ ചേർന്നാൽ സംസ്ഥാന തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ സമാജ്‌വാദി പാർട്ടിക്ക് വലിയ തിരിച്ചടിയാകും.

യുപിയിൽ കഴിഞ്ഞയാഴ്ച ഭരണകക്ഷിയായ ബി.ജെ.പിയിലെ മൂന്ന് മന്ത്രിമാരും നിരവധി എംഎൽഎമാരും പാർട്ടി വിട്ട് അഖിലേഷ് യാദവിനൊപ്പം ചേർന്നിരുന്നു. ഇത് ബി.ജെ.പിക്ക് വലിയ തിരിച്ചടിയായിരുന്നു. എന്നാൽ ഇതിന് പിന്നാലെ മുലായം സിംഗ് യാദവിന്റെ ഇളയ മകൻ പ്രതീകിന്റെ ഭാര്യ അപർണ യാദവ് നാളെ രാവിലെ 10 മണിക്ക് യോഗി ആദിത്യനാഥിന്റെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേരും എന്ന് ഹരിയാന ബിജെപി ചുമതലയുള്ള അരുൺ യാദവ് ചൊവ്വാഴ്ച രാത്രി ട്വീറ്റ് ചെയ്തു.

നിർണായകമായ യുപി തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി.ജെ.പിക്ക് പ്രധാന വെല്ലുവിളിയായി ഉയർന്ന് വന്നിരിക്കുന്നത് മുലായം സിംഗ് യാദവിന്റെ മകൻ അഖിലേഷ് യാദവാണ്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി വിരുദ്ധ മുന്നണി സ്ഥാപിക്കാൻ ശ്രമിക്കുന്ന മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്, ശരദ് പവാറിന്റെ എൻസിപി എന്നീ പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയും അദ്ദേഹം നേടിയിട്ടുണ്ട്.

യോഗി ആദിത്യനാഥ് സർക്കാരിൽ നിന്നും തുടർച്ചയായി വലിയ കൊഴിഞ്ഞുപോക്ക് ഉണ്ടായതിന് തൊട്ടുപിന്നാലെയാണ് അപർണ യാദവ്ബി.ജെ.പിയിൽ ചേരുന്നത് സംബന്ധിച്ച ഊഹാപോഹങ്ങൾ. സ്വാമി പ്രസാദ് മൗര്യ, ധരം സിംഗ് സൈനി, ദാരാ സിംഗ് ചൗഹാൻ എന്നിവരാണ് അഖിലേഷ് യാദവ് തന്റെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത മൂന്ന് മുൻ യുപി മന്ത്രിമാർ. വിനയ് ശാക്യ, റോഷൻ ലാൽ വർമ, മുകേഷ് വർമ, ഭഗവതി സാഗർ എന്നിവരും സമാജ്‌വാദി പാർട്ടിയിൽ ചേർന്ന എംഎൽഎമാരിൽ ഉൾപ്പെടുന്നു.

യുവ നേതാവ് അപർണ യാദവ് 2017 ലെ സംസ്ഥാന തിരഞ്ഞെടുപ്പിൽ ലഖ്‌നൗ കാന്റിൽ നിന്ന് സമാജ്‌വാദി പാർട്ടി ടിക്കറ്റിൽ മത്സരിച്ചിരുന്നു, അന്ന് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന റീത്ത ബഹുഗുണ ജോഷിയോട് പരാജയപ്പെടുകയായിരുന്നു. സ്ത്രീകളുടെ പ്രശ്‌നങ്ങൾക്കായി പ്രവർത്തിക്കുന്ന, ലഖ്‌നൗവിൽ പശുക്കൾക്ക് അഭയം നൽകുന്ന bAware എന്ന സംഘടന അപർണ നടത്തുന്നുണ്ട്. പ്രധാനമന്ത്രി മോദിയുടെ ‘വികസന സംരംഭങ്ങളെ’ പുകഴ്ത്തി അപർണ യാദവ് മുമ്പ് വാർത്തകളിൽ ഇടം നേടിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *