കൊച്ചി: ഹൈക്കോടതി കെട്ടിടത്തിന്റെ ആറാം നിലയില്‍നിന്നു ചാടി മുന്‍ വോളിബോള്‍ താരമായ യുവാവ് ജീവനൊടുക്കി. എറണാകുളം പനന്പിള്ളിനഗറില് വാടകയ്ക്കു താമസിക്കുന്ന ഇടുക്കി നെടുങ്കണ്ടം മുണ്ടിയെരുമ പാറപ്പുഴമഠത്തില് കൃഷ്ണപൈയുടെ മകന് രാജേഷ് പൈ (46) ആണു മരിച്ചത്. എംജി സര്‍വകലാശാല വോളിബോള്‍ താരമായിരുന്ന ഇദ്ദേഹം ഇടുക്കി ജില്ലാ വോളിബോള്‍ ടീമിലും അംഗമായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെയായിരുന്നു സംഭവം. ഹൈക്കോടതിക്കുള്ളില്‍ പ്രവേശിച്ച രാജേഷ് ആറാംനിലയില്നിന്നു നടുത്തളത്തിലേക്കു ചാടുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. അഭിഭാഷകരും പോലീസും ജീവനക്കാരും ഇയാളെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇയാള്‍ ഏതാനും ദിവസങ്ങളായി മാനസികാസ്വാ സ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. സംഭവസ്ഥലത്തുനിന്നു രാജേഷിന്റേതെന്നു കരുതുന്ന ആത്മഹത്യാക്കുറിപ്പ് ലഭിച്ചതായി വിവരമുണ്ട്. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അവിവാഹിതനായ രാജേഷ് പ്രണയനൈരാശ്യത്തിലായിരുന്നുവെന്നു പോലീസ് സംശയിക്കുന്നു. രാജേഷിന്റെ പിതൃസഹോദരന് ഹൈക്കോടതിയില്‍ അഭിഭാഷകനാണ്.

മൂന്നു ദിവസം തുടര്‍ച്ചയായി തന്നെ കാണാന്‍ രാജേഷ് വന്നിരുന്നെന്നു പിതൃസഹോദരന് പോലീസിനു മൊഴി നല്കി. പിതൃസഹോദരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
വര്‍ഷങ്ങള്‍ക്കുമുന്‍പ് ഉടുന്പന്ചോലയില്നിന്നു താമസം മാറിയ രാജേഷ് മാതാവിനൊപ്പമാണ് എറണാകുളത്ത് താമസിച്ചുവന്നിരുന്നത്. മെഡിക്കല്‍ ട്രസ്റ്റ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഇന്നു ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കുമെന്നു പോലീസ് പറഞ്ഞു.












