മുന്നോക്ക വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്ക് പത്ത് ശതമാനം സംവരണം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍


ദില്ലി: രാജ്യത്ത് പത്ത് ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതിക്കാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. മുന്നോക്കക്കാരില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്കാണ് സംവരണം ഏര്‍പ്പെടുത്തുന്നത്. അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. എട്ട് ലക്ഷത്തിന് താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കായിരിക്കും സംവരണം ലഭിക്കുക. പത്ത് ശതമാനം സംവരണം സര്‍ക്കാര്‍ ജോലികളില്‍ നല്‍കും. നിലവില്‍ ഒബിസി, പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് സംവരണം നല്‍കുന്നുണ്ട്. ഏറെ കാലമായി ആര്‍എസ്എസ് ഉള്‍പ്പടെയുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നതാണ് സാമ്പത്തികസംവരണം.സര്‍ക്കാര്‍ ജോലികളില്‍ അമ്പത് ശതമാനത്തില്‍ കൂടുതല്‍ സംവരണം പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. ഈ വിധി തിരുത്തി അറുപത് ശതമാനം സംവരണം കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ ഉന്നമിടുന്നത്. ഇതിനാണ് കേന്ദ്രസര്‍ക്കാര്‍ നാളെ ഭരണഘടനാ ഭേദഗതി കൊണ്ടുവരുന്നത്. സംവരണം വ്യവസ്ഥ ചെയ്യുന്ന ബില്ല് നാളെത്തന്നെ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നാണു സൂചന. ഭരണഘടനയുടെ 15, 16 വകുപ്പുകളിലാണ് ഭേദഗതി വരുത്താന്‍ ഉദ്ദേശിക്കുന്നത്.




Sharing is Caring