നാളെ മുതല്‍ സംസ്ഥാനത്ത് ഇ-സ്റ്റാമ്പിങ് നിലവില്‍ വരും. ഒരു ലക്ഷം രൂപയ്ക്ക് താഴെ വരുന്ന വസ്തുക്കളുടെ രജിസ്ട്രേഷന് ഇ-സ്റ്റാമ്പിങ് വേണ്ട. ഒരു ലക്ഷത്തിന് മുകളിലുള്ള വസ്തുക്കളുടെ ഇടപാടിന് രജിസ്ട്രേഷന് വകുപ്പിന്റെ സൈറ്റില്‍ ഡോക്യുമെന്റ് രജിസ്ട്രേഷന് എന്ന ലിങ്കിലൂടെ ആധാരം രജിസ്റ്റര്‍ചെയ്യാം.
മുദപത്രത്തിനും രജിസ്ട്രേഷന് ഫീസിനുമുള്ള പണം ട്രഷറിയില്‍ നേരിട്ടോ നെറ്റ് ബാങ്കിങ് വഴിയോ അടയ്ക്കാവുന്നതാണ്. തുടര്‍ന്ന് ആധാരം രജിസ്റ്റര്‍ചെയ്യാനുള്ള മുദ്രപ്പത്രം സൈറ്റില്‍നിന്ന് പകര്‍പ്പെടുക്കാം. ഇങ്ങനെ ലഭിക്കുന്ന മുദ്രപ്പത്രത്തില്‍ ആധാരം തയ്യാറാക്കിയാണ് രജിസ്റ്റര്‍ചെയ്യേണ്ടത്.

മുദ്രപ്പത്രത്തിലുള്ള ജി.എന്‍.ആര്.നമ്പര്‍ ഉപയോഗിച്ച് ആധാരം വ്യാജമാണോ അല്ലയോ എന്ന് രജിസ്ട്രാര്‍ക്കു പരിശോധിക്കാം. ഒരു നമ്പരില്‍ ഒരു മുദ്രപ്പത്രം മാത്രമേ ലഭിക്കൂ. മുന്നാധാരങ്ങള്‍, വസ്തുക്കരവും കെട്ടിടനികുതിയും അടച്ചതിന്റെ രസീത്, തിരിച്ചറിയല്‍രേഖ, ഫോട്ടോ എന്നിവ ഇ-സ്റ്റാമ്പിങ്ങിനായി വേണം.
തീറാധാരങ്ങളില്‍ വസ്തുവിന്റെ മൊത്തംവിലയുടെ എട്ടുശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയും രണ്ടുശതമാനം രജിസ്ട്രേഷന് ഫീസുമാണ്. സര്‍ക്കാരിന്റെ ന്യായവില രജിസ്റ്ററിലെ വിലയോ വാങ്ങുന്ന വസ്തുവിന്റെ വിലയോ ഏതാണ് കൂടുതലെന്നുവച്ചാല് അതിന്റെ സ്റ്റാമ്പ്ഡ്യൂട്ടിയാണ് അടയ്ക്കേണ്ടത്.













