കൊച്ചി: മുത്തൂറ്റ് സ്ഥാപനങ്ങളില്‍ ജോലിക്കെത്തുന്നവര്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി. സമരം ചെയ്യുന്നവര്‍ക്ക് നിയമാനുസൃതമായി സമരം ചെയ്യാമെന്നും കോടതി വ്യക്തമാക്കി. മധ്യസ്ഥ ചര്‍ച്ചകളില്‍ മാനേജ്മെന്റിന്റെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. മുത്തൂറ്റ് സ്ഥാപനങ്ങളില്‍ നടക്കുന്ന തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് മുത്തൂറ്റിന്റെ 10 ശാഖകളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജികള്‍ പരിഗണിക്കവെയായിരുന്നു കോടതി ഇക്കാര്യം പറഞ്ഞത്.
സമരം ചെയ്യുന്നവര്‍ക്ക് അതിനുള്ള അവകാശമുണ്ട്. അതേസമയം ജോലിക്കെത്തുന്നവരെ തടയാന്‍ പാടില്ല. അതുകൊണ്ട് ജോലിക്ക് ഹാജരാകാന്‍ തയ്യാറായി എത്തുന്നവര്‍ക്ക് മതിയായ സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സമരം ഉടന്‍ നിര്‍ത്താനുള്ള ചര്‍ച്ചകളില്‍ മാനേജ്മെന്റിന്റെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.













