മുത്തലാഖ് ബില്‍ വിവാദം: പി.കെ.കുഞ്ഞാലിക്കുട്ടിക്ക് വീഴ്ച പറ്റിയെന്ന് സാദിഖലി ശിഹാബ് തങ്ങള്‍

മുത്തലാഖ് ബില്‍ ചര്‍ച്ചയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പി.കെ.കുഞ്ഞാലിക്കുട്ടിക്ക് വീഴ്ച പറ്റിയെന്ന് സാദിഖലി ശിഹാബ് തങ്ങള്‍. ജാഗ്രതക്കുറവ് ബോധ്യപ്പെട്ടതിനാലാണ് പാര്‍ട്ടി വിശദീകരണം തേടിയതെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുത്തില്ലെന്ന വിമര്‍ശനത്തിന് പിന്നാലെയാണ് പികെ കുഞ്ഞാലിക്കുട്ടിയോട് മുസ്ലീംലീഗ് വിശദീകരണം തേടിയത്. മുത്തലാഖ് ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്നതില്‍ കാരണം വിശദമാക്കണമെന്നാണ് മുസ്ലീം ലീഗ് ആവശ്യപ്പെട്ടത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് വിശദീകരണം തേടിയത്. ഇന്നലെ സംഭവത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിയെ ഇ ടി മുഹമ്മദ് ബഷീര്‍ പിന്‍തുണച്ചിരുന്നു.

ചില കക്ഷികള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പൊടുന്നനെ തീരുമാനിച്ചപ്പോള്‍, മുസ്‌ലിം ലീഗും പ്രതിഷേധ വോട്ട് ചെയ്യുന്നതാണ് നല്ലത് എന്ന് അപ്പോള്‍ത്തന്നെ താനും ഇ.ടി മുഹമ്മദ് ബഷീര്‍ എംപിയും കൂടിയാലോചിച്ചു തീരുമാനിച്ചു. അദ്ദേഹം അത് നിര്‍വഹിക്കുകയും ചെയ്തു. അതിനാലാണ്, പാര്‍ട്ടിപരമായും വിദേശ യാത്രാപരമായും മറ്റും പല അത്യാവശ്യങ്ങളുള്ളതിനാല്‍ പാര്‍ലമെന്റില്‍ താന്‍ ഹാജരാവാതിരുന്നത്.

പെട്ടെന്ന് എടുത്ത തീരുമാനമായതിനാലാണ് എതിര്‍ത്ത് വോട്ട് ചെയ്യാന്‍ 11 പേര്‍ മാത്രം ഉണ്ടായത്. പൂര്‍ണമായ നിലക്കുള്ള വോട്ടെടുപ്പല്ല അവിടെ നടന്നതും. വസ്തുത ഇതായിരിക്കെ, കുപ്രചാരണമാണ് ചില കേന്ദ്രങ്ങള്‍ നടത്തുന്നതെന്നും പി കെ കുഞ്ഞാലിക്കുട്ടി നേരത്തെ പ്രതികരിച്ചിരുന്നു.

ഏറെ തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ രണ്ടാം തവണയും ബില്‍ ലോക്‌സഭയില്‍ പാസാക്കുകയായിരുന്നു. ബില്ലില്‍ നടത്തിയ വോട്ടെടുപ്പ് കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ ബഹിഷ്‌കരിച്ചപ്പോള്‍ സി പി ഐ എമ്മും ആര്‍ എസ് പി യുടെ എന്‍ കെ പ്രേമചന്ദ്രനും എ ഐ എം ഐ എം നേതാവ് അസദുദ്ദീന്‍ ഒവൈസിയും ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *