മുത്തയ്യ മുരളീധരനാവാന്‍ വിജയ് സേതുപതി ഇല്ല

ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതം പറയുന്ന സിനിമ 800ല്‍ നിന്ന് വിജയ് സേതുപതി പിന്‍വാങ്ങി. ചിത്രം വന്‍ വിവാദമായതോടെയാണ് താരം പിന്‍വാങ്ങിയത്. ചിത്രം ഉപേക്ഷിക്കില്ലെന്ന് കഴിഞ്ഞ ദിവസം സേതുപതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ മുരളീധരന്‍ തന്നെ ചിത്രത്തില്‍ നിന്ന് പിന്‍മാറാന്‍ വിജയ് സേതുപതിയോട് ആവശ്യപ്പെട്ടതോടെയാണ് താരം അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്.

മുത്തയ്യ മുരളീധരന്റെ പത്രക്കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചാണ് പിന്മാറുന്നതായി താരം അറിയിച്ചത്. വിജയ് സേതുപതിയുടെ പ്രതിച്ഛായയും പ്രശസ്തിയും കരിയറും തന്റെ സിനിമയില്‍ അഭിനയിച്ചതിന്റെ പേരില്‍ മോശമാകാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ വിജയ് സേതുപതി ചിത്രത്തില്‍ നിന്ന് പിന്‍വാങ്ങണം എന്നാണ് മരളീധരന്‍ കുറിച്ചത്. നന്ദി വണക്കം എന്ന അടിക്കുറിപ്പിലാണ് മുത്തയ്യ മുരളീധരന്റെ പത്രക്കുറിപ്പ് താരം പങ്കുവെച്ചത്.

ഈ മാസം എട്ടിനാണ് മുത്തയ്യ മുരളീധരന്റെ ജീവിത കഥ പറയുന്ന 800 എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷന്‍ പിക്ച്ചറും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. അന്നു മുതല്‍ വിജയ് സേതുപതിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.

ശ്രീലങ്കയിലെ തമിഴ് കൂട്ടക്കൊലയെ മുരളീധരന്‍ ന്യായീകരിച്ചുവെന്നും മഹിന്ദ രജപക്‌സയ്ക്കു അനുകൂല നിലപാടെടുത്തുവെന്നും ആരോപിച്ചായിരുന്നു വിജയ് സേതുപതിക്കെതിരായ പ്രതിഷേധം.

ആരാധകര്‍ മാത്രമല്ല ഭാരതിരാജ ഉള്‍പ്പടെയുള്ള പ്രമുഖരും താരത്തിനെതിരെ രംഗത്തെത്തിയിരുന്നു. എസ്‌എസ് ശ്രീപതി സംവിധാനം ചെയ്യുന്ന 800 നിര്‍മിക്കുന്നത് ഡിഎആര്‍ മോഷന്‍ പിക്‌ചേഴ്‌സും മൂവിങ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. താരത്തിന്റെ പിന്‍മാറ്റത്തോടെ സിനിമ ഉപേക്ഷിച്ചോ എന്നത് വ്യക്തമല്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *