മുത്തങ്ങ മേഖലയില്‍ കാട് കത്തിക്കുന്നത് പതിവാകുന്നു

സംസ്ഥാന അതിര്‍ത്തിയില്‍ വയനാട് മുത്തങ്ങാ ചെക്ക് പോസ്റ്റുകള്‍ക്ക് സമീപം ഉണങ്ങിയ മുളം കൂട്ടങ്ങള്‍ക്കും വന്‍ മരങ്ങള്‍ക്കും രാത്രിയുടെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ തീ ഇടുന്നത് പതിവാകുന്നു. വയനാട് വന്യജീവി സങ്കേതത്തിലെ മൈസൂര്‍-കോഴിക്കോട് പ്രധാന പാതയോട് ചേര്‍ന്ന വനഭൂമിയിലാണ് ഈ തീക്കളി. ദിവസങ്ങളായി ഇത് സ്ഥിരം കാഴ്ചയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ജില്ലയിലെ വനപാതകള്‍ക്ക് സമീപം കാട്ടുതീ തടയുക എന്ന ലക്ഷ്യത്തോടെ അഗ്നി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും കാട്ടുതീ തടയാന്‍ പൊതുജനങ്ങളെ ബോധവത്ക്കരിക്കുകയും ചെയ്യുന്ന വനപാലകര്‍ മുത്തങ്ങയില്‍ അവരുടെ കണ്‍മുന്നില്‍ നടക്കുന്ന പാതിരാ കത്തിക്കല്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. മുത്തങ്ങ മുതല്‍ പൊന്‍കുഴി വരെയുളള മൂന്ന് കിലോമീറ്ററോളം ദൂരത്തിലെ ഉണങ്ങിയ മുളം കാടുകളും വന്‍ മരങ്ങളും ഇതിനോടകം പകുതിയിലേറെ എരിഞ്ഞടങ്ങികഴിഞ്ഞു.

കര്‍ണ്ണാടക-തമിഴ്‌നാട് വനമേഖലയില്‍ ജലക്ഷാമം രൂക്ഷമാകുന്നതോടെ അവിടങ്ങളില്‍ നിന്നുളള വന്യജീവികള്‍ കൂട്ടത്തോടെ വയനാടന്‍ വനാന്തരങ്ങളിലേക്ക് കടന്നു വരുമ്പോഴാണ് വന്യജീവി സങ്കേതത്തിനകത്ത് അപകടകരമായ ഈ സാഹസികത അരങ്ങേറുന്നത്. ഇത് തുടര്‍ന്നാല്‍ വേനല്‍ രൂക്ഷമാകുന്നതോടെ മുത്തങ്ങ വനമേഖലയില്‍ വന്‍ ദുരന്തങ്ങള്‍ക്ക് ഇതു കാരണമാകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *