മുണ്ടക്കയത്ത് കാറും ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ മൂന്ന് മരണം


മുണ്ടക്കയം: കെകെ റോഡില്‍ മുണ്ടക്കയത്തിന് സമീപം ചോറ്റിയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ മൂന്ന് പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നിയന്ത്രണം വിട്ട ലോറി കാറിലിടിക്കുകയും കാര്‍ എതിരേ വന്ന ബൈക്കിലിടിക്കുകയുമായിരുന്നു.കാര്‍ യാത്രികനായ പെരുവന്താനം സ്വദേശി നീറിയാനിക്കല്‍ ശ്രീധരന്‍ (62), ബൈക്ക് യാത്രികരായ കൊക്കയാര്‍ വെബ്ലി സ്വദേശികളായ ഇടമണ്ണേല്‍ ഷാജി (48), മണ്ണാശേരിയില്‍ അരുണ്‍കുമാര്‍ (27) എന്നിവരാണ് മരിച്ചത്.


കുമളി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് കാറിലിടിക്കുകയായിരുന്നു. തുടര്‍ന്ന് കാര്‍ ബൈക്കിലിടിച്ചു. അപകടത്തിന് പിന്നാലെ ലോറി ഡ്രൈവര്‍ സ്ഥലത്തു നിന്നും ഓടി രക്ഷപെട്ടു. ശ്രീധരനൊപ്പം കാറിലുണ്ടായിരുന്ന മറ്റൊരാള്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇയാളെ 26-ാം മൈലിലെ മേരീക്വീന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങളും ഈ ആശുപത്രിയിലേക്കാണ് മാറ്റിയിരിക്കുന്നത്.


അപകടത്തെ തുടര്‍ന്ന് കെകെ റോഡില്‍ അല്പനേരം ഗതാഗതം തടസപ്പെട്ടു. മുണ്ടക്കയം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.



Sharing is Caring