പാസ്‌പോര്‍ട്ട് മാത്രം മതി; ഇനി ബ്രസീലിലേക്ക് പറക്കാന്‍ വിസ വേണ്ട


സാവോ പോളോ: നിങ്ങള്‍ക്ക് പാസ്പോര്‍ട്ട് ഉണ്ടായാല്‍ മാത്രം മതി ഇനി വിസയില്ലാതെ ബ്രസീലിലേക്ക് സുഖമായി പറന്നെത്താം. ഇന്ത്യയില്‍നിന്നും ചൈനയില്‍ നിന്നുമുള്ള വിനോദസഞ്ചാരികള്‍ക്കും ബിസിനസുകാര്‍ക്കും ബ്രസീല്‍ സന്ദര്‍ശിക്കാന്‍ വിസ വേണമെന്ന നിബന്ധന ഒഴിവാക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സൊനാരോ അറിയിച്ചു.


നേരത്തെ വികസിത രാജ്യങ്ങളില്‍ നിന്ന് ബ്രസീലിലെത്തുന്നവര്‍ക്ക് വിസ ഉണ്ടായിരിക്കണമെന്ന നിബന്ധന എടുത്തുകളഞ്ഞിരുന്നെങ്കിലും വികസ്വര രാജ്യങ്ങള്‍ക്ക് ഈ അനുമതി ഉണ്ടായിരുന്നില്ല. എന്നാല്‍ ചൈന സന്ദര്‍ശത്തിനിടെ വികസ്വര രാജ്യങ്ങളിലേക്കും ആ നയം വ്യാപിപ്പിക്കുന്നതിനെക്കുറിച്ച്‌ പ്രസിഡന്റ് പ്രഖ്യാപിക്കുകയായിരുന്നു.
ഈ വര്‍ഷം ആദ്യം, അമേരിക്ക, കാനഡ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്കും ബിസിനസുകാര്‍ക്കുമുള്ള വിസ നിബന്ധന ബ്രസീല്‍ സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. പക്ഷേ, ആ രാജ്യങ്ങള്‍ ബ്രസീലിയന്‍ പൗരന്മാര്‍ക്കുള്ള വിസ ആവശ്യകത ഉപേക്ഷിച്ചിട്ടില്ല. തീവ്ര വലതുപക്ഷക്കാരനായ ബോള്‍സൊനാരോ ഈ വര്‍ഷാദ്യമാണ് അധികാരത്തിലേറിയത്.




Sharing is Caring