മുണ്ടക്കയത്തെ സി.സി.ടി.വിയില്‍ ജസ്നയും സുഹൃത്തും ; സഹപാഠികളും ബന്ധുക്കളും സ്ഥിരീകരിച്ചു

പത്തനംതിട്ട: വെച്ചുച്ചിറയില്‍ നിന്നു കാണാതായ ജസ്നയുടെ ദൃശ്യങ്ങള്‍ മുണ്ടക്കയത്തുള്ള ഒരു കടയിലെ സി.സി.ടി.വിയില്‍ നിന്നു ലഭിച്ചു. മുണ്ടക്കയം ടൗണിലെ ബസ് സ്റ്റാന്‍ഡിനു സമീപമുള്ള കടയിലെ സി.സി.ടി.വിയില്‍ നിന്നാണു ജസ്നയുടെ ദൃശ്യങ്ങള്‍ കണ്ടെടുത്തത്.നേരത്തെ ഈ ക്യാമറയിലെ ദൃശ്യങ്ങള്‍ ഇടിമിന്നലില്‍ നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്നു പോലീസ് ഹൈടെക് സെല്ലിന്റെ സഹായത്തോടെ ഇവ വീണ്ടെടുക്കുകയായിരുന്നു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ജെസ്നയുടെ സഹോദരി നല്‍കിയ ഹര്‍ജി ഇന്നു കോടതി പരിഗണിക്കാനിരിക്കെയാണു കേസില്‍ നിര്‍ണായക വഴിത്തിരിവായേക്കാവുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്.

കാണാതായ ദിവസം (മാര്‍ച്ച്‌ 22) പകല്‍ 11.44 നു ബസ് സ്റ്റാന്‍ഡിനടുത്തുള്ള കടയുടെ മുന്നിലൂടെ നടന്നു പോകുന്ന ജെസ്നയുടെ ദൃശ്യങ്ങളാണു സി.സി.ടി.വിയില്‍ നിന്നു ലഭിച്ചിരിക്കുന്നത്. ആറുമിനിറ്റിനു ശേഷം ജസ്നയുടെ ആണ്‍സുഹൃത്തിനെയും ദൃശ്യങ്ങളില്‍ കാണാം. പക്ഷേ ഇരുവരും ഒന്നിച്ചുള്ള ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സി.സി.ടി.വി. ദൃശ്യങ്ങളില്‍ കണ്ട പെണ്‍കുട്ടി ജെസ്ന തന്നെയാണ് എന്നു സഹപാഠികളും ബന്ധുക്കളും സ്ഥിരീകരിച്ചു. സഹപാഠികള്‍ ആണ്‍സുഹൃത്തിനേയും തിരിച്ചറിഞ്ഞിട്ടുണ്ട്. വീട്ടില്‍ നിന്ന് ഇറങ്ങുമ്ബോള്‍ ജസ്ന ധരിച്ചിരുന്നതു ചുരിദാര്‍ ആണെന്നാണ് എരുമേലിയില്‍ കണ്ടവരുടെ മൊഴി. എന്നാല്‍ മുണ്ടക്കയത്തു നിന്നു ലഭിച്ച ദൃശ്യങ്ങളില്‍ ഇവര്‍ ധരിച്ചിരിക്കുന്നത് ജീന്‍സും ടോപ്പുമാണ്.കൈയില്‍ ഒരു ബാഗും തോളില്‍ മറ്റൊരുബാഗും ഉണ്ടായിരുന്നു. പഴ്സ് വയ്ക്കാന്‍ കഴിയുന്ന തരത്തില്‍ ചെറിയ ബാഗാണ് ഒരു വശത്തായി ഇട്ടിരിക്കുന്നത്. ലഭിച്ച ദൃശ്യങ്ങളില്‍ നിന്ന് ജസ്ന മുണ്ടക്കയത്ത് എത്തിയ ശേഷം ഷോപ്പിങ്ങ് നടത്തിയതായി സൂചനയുണ്ട്. ഇതിനു വേണ്ടി മുണ്ടക്കയത്ത് അരമണിക്കൂര്‍ ചിലവഴിച്ചതായും പോലീസ് സംശയിക്കുന്നു. ഇക്കാര്യത്തില്‍ പോലീസ് സ്ഥിരീകരണം ആവശ്യമാണ്.

കൂടാതെ ജസ്ന വസ്ത്രം മാറിയത് എവിടെ വച്ചാണ് എന്നും മുണ്ടക്കയത്ത് വച്ച്‌ സുഹൃത്തുമായി കണ്ടുമുട്ടിയിരുന്നോ എന്നുമുള്ള കാര്യത്തില്‍ കൂടുതല്‍ സ്ഥിരീകരണവും ആവശ്യമുണ്ട്. ജസ്ന തിരോധനത്തില്‍ അന്വേഷണം വഴിമുട്ടി നില്‍ക്കുന്ന സാഹചര്യത്തില്‍ മുണ്ടക്കയത്തു നിന്നു ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങള്‍ ഒരു നിര്‍ണ്ണായ തെളിവായി മാറുമെന്നു പോലീസ് കരുതുന്നു.

മുണ്ടക്കയത്തുള്ള പിതൃസഹോദരിയുടെ വീട്ടിലേയ്ക്കു പോകുന്നു എന്ന് പറഞ്ഞ് മാര്‍ച്ച്‌ 22 ന് രാവിലെ എരുമേലിയിലെ വീട്ടില്‍ നിന്ന് ഇറങ്ങിയ ജസ്നയെ പിന്നീട് കാണാതാവുകയായിരുന്നു. മാര്‍ച്ച്‌ 22 ന് രാവിലെ 10. 30 ന് എരുമേലിയില്‍ വച്ച്‌ ജസ്ന ബസില്‍ ഇരിക്കുന്നതു കണ്ടു എന്നു സാക്ഷിമൊഴികള്‍ ഉണ്ടായിരുന്നു. ഈ മൊഴികളെ ബലപ്പെടുത്തുന്ന തരത്തില്‍ സി.സി.ടി.വി. ദൃശ്യങ്ങളും ലഭിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *