മീടു ക്യാമ്പയിനില്‍ ഭയന്ന് കോര്‍പ്പറേറ്റ് മേഖല; സ്ത്രീകളെ തന്ത്രപ്രധാന മേഖലകളില്‍ നിന്ന് ഒഴിവാക്കുന്നതായി റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: മീടു ക്യാമ്പയിനില്‍ ഭയന്ന് കോര്‍പ്പറേറ്റ് മേഖലയിലെ തന്ത്രപ്രധാന മേഖലകളില്‍ നിന്ന് സ്ത്രീകളെ ഒഴിവാക്കുന്നതായി റിപ്പോര്‍ട്ട്. വനിതാ സഹപ്രവര്‍ത്തകര്‍ക്കൊപ്പം അത്താഴവിരുന്ന് കഴിയുന്നതും ഒഴിവാക്കുക, വിമാനത്തില്‍ അവരുടെ അടുത്ത സീറ്റുകളില്‍ ഇരിക്കരുത്, അവര്‍ക്കൊപ്പം ഒരു ഹോട്ടലില്‍ താമസിക്കേണ്ടിവന്നാല്‍ വ്യത്യസ്തനിലകളിലെ മുറികള്‍ തെരഞ്ഞെടുക്കുക, ഒറ്റയ്ക്കുള്ള കൂടിക്കാഴ്ചകള്‍ ഒഴിവാക്കുക തുടങ്ങിയ അലിഖിത നിയമങ്ങളാണ് യുഎസിലെ കോര്‍പ്പറേറ്റ് മേഖല പിന്തുടരുന്നത്.

മീടൂവില്‍ കുടുങ്ങിയേക്കാമെന്ന ഭയം പുരുഷന്മാരെയും കമ്പനി നേതൃത്വത്തെയും കൂടുതല്‍ ജാഗരൂകരാക്കുന്നു. എന്നാല്‍, സ്ത്രീകള്‍ വീണ്ടും പിന്നോട്ടുനയിക്കപ്പെടുന്നുവെന്നതാണ് ഈ അമിതജാഗ്രതയുടെ പരിണതഫലം. ഇക്കാലത്ത് ഒരുസ്ത്രീയെ ജോലിയിലേക്ക് പരിഗണിക്കുന്നതില്‍ത്തന്നെ വലിയൊരു ‘അപകടസാധ്യത’ ഒളിഞ്ഞിരിക്കുന്നുവെന്ന് യു.എസിലെ സാമ്പത്തികമേഖലയിലെ ഉപദേശകന്‍ പറയുന്നു. തങ്ങള്‍ പറയുന്നതെന്തെങ്കിലും അവര്‍ തെറ്റിദ്ധരിച്ചാല്‍ അവിടെത്തീര്‍ന്നില്ലേ കാര്യങ്ങളെന്നും അദ്ദേഹം ചോദിക്കുന്നു.

യുഎസില്‍ ഈ അമിതജാഗ്രതയ്ക്ക് ഒരു പേരുമിട്ടുകഴിഞ്ഞു ‘പെന്‍സ് ഇഫക്ട്’. മീടൂവിനെത്തുടര്‍ന്ന് ഭാര്യയോടൊപ്പമല്ലാതെ മറ്റൊരു സ്ത്രീക്കൊപ്പം തനിച്ച് ഭക്ഷണം കഴിക്കുന്നത് താന്‍ ഒഴിവാക്കിയെന്ന യു.എസ്. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ പരാമര്‍ശമാണ് ഇതിനുകാരണം.

മീടൂ വിവാദങ്ങള്‍ തങ്ങളെ പരിഭ്രാന്തരാക്കിയതായി യു.എസിലെ വന്‍കിട കോര്‍പ്പറേറ്റ് കമ്പനികളിലെ 30 ഉന്നതോദ്യോഗസ്ഥര്‍ സമ്മതിക്കുന്നു. ജോലിസ്ഥലത്തെ തങ്ങളുടെ പെരുമാറ്റം ശരിയാണോയെന്ന ചിന്ത, ശരിയായ കാര്യംചെയ്യുമ്പോള്‍പോലും തെറ്റാണോയെന്ന ആശങ്ക എന്നിവ തങ്ങളെ ബാധിച്ചതായും അവര്‍ പറഞ്ഞു.

ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെയ്‌നെതിരായ ലൈംഗികാരോപണങ്ങളുടെ തുറന്നുപറച്ചിലിലൂടെയാണ് മീടൂ ക്യാമ്പയിന്‍ ലോകശ്രദ്ധയാകര്‍ഷിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *