മാമുക്കോയ ആദ്യമായി കേന്ദ്രകഥാപാത്രമാകുന്ന ചിത്രം ‘നിയോഗം’

കോഴിക്കോടൻ മാപ്പിള ശൈലിയിൽ ഉഗ്രൻ കോമഡിയിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മലയാള സിനിമയുടെ ജനകീയമുഖമാണ് മാമുക്കോയ. 1979ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത ‘അന്യരുടെ ഭൂമി’ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തിയ മാമുക്കോയയ്ക്ക് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഹാസ്യനടനായും സ്വഭാവനടനായുമെല്ലാം മലയാള സിനിമയുടെ ചരിത്രത്തിനൊപ്പം മാമുക്കോയ ഉണ്ടായിരുന്നു. വർഷങ്ങൾക്കിപ്പുറം മാമുക്കോയ ആദ്യമായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. അനീഷ് വർമ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘നിയോഗം’എന്ന ചിത്രത്തിലാണ് മാമുക്കോയ നായകനാകുന്നത്. പുതിയ നിയോഗത്തെ കുറിച്ച് മാമുക്കോയ സംസാരിക്കുന്നു.

കാത്തിരുന്ന കഥാപാത്രം

അനീഷ് വർമ കുറച്ചു കാലമായി ‘ നിയോഗം’എന്ന സിനിമ മനസ്സിൽ കൊണ്ട് നടക്കുന്നു. കഥയുടെ ഔട്ട്ലൈൻ അന്നേ പറഞ്ഞിരുന്നു. ഈ പ്രായത്തിൽ ചെയ്യാവുന്ന സംഭവമാണ്. ഞാൻ ചെയ്യാമെന്നും പറഞ്ഞു. ഹംസ എന്നാണ് കഥാപാത്രത്തിന്റെ പേര്. വർഷങ്ങൾക്കു ശേഷം ഉമ്മയോടൊപ്പം താമസിക്കാൻ അയാൾ വരുകയാണ്. എന്നാൽ ജന്മനാട്ടിൽ പോലും അംഗീകാരമില്ലാതെ അയാൾ അനുഭവിക്കുന്ന മാനസിക വിഷമങ്ങളും ദുരിതങ്ങളുമാണ് ചിത്രം പറയുന്നത്.എന്റെ ആദ്യ കേന്ദ്ര കഥാപാത്രം എന്നുപറയാം. അതിന്റെ ഉത്തരവാദിത്വം എനിക്കും കൂടുതൽ ഉള്ളതായി തോന്നുന്നുണ്ട്. സംവിധായകനും എഴുത്തുകാരനുമൊക്കെപോലെത്തന്നെ ഉത്തരവാദിത്വം എനിക്കും അനുഭവപ്പെടുന്നു. ഇത് വിജയിച്ചാൽ നമ്മുടെ പ്രയത്നം സാക്ഷാത്‌കരിക്കപ്പെട്ടുവെന്ന് പറയാം.

കാലികപ്രസക്തം

ഇന്ത്യയിൽ ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന ആനുകാലിക പ്രസക്തിയുള്ള സംഭവ വികാസങ്ങളാണ് ചിത്രത്തിലുള്ളത്. കട്ടപ്പന, തെന്മല, പാലക്കാട്, കല്പറ്റ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ശരൺ പുതുമന,ബിജു അഷ്ടമുടി, പീറ്റർ കെ പി, കൃഷ്ണ കുമാരി, അതിഥി, ദൃശ്യ, അംബിക മോഹൻ തുടങ്ങിയവരാണ് മറ്റു നടീനടന്മാർ.

മീര പ്രൊഡക്ഷൻസിന്റെ ബാനറിൽ അനിൽ അക്ഷയ, അനീഷ് വർമ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ടി.എസ്. ബാബു നിർവ്വഹിക്കുന്നു. പി. ഗോകുൽ നാഥ് തിരക്കഥ, സംഭാഷണം എഴുതുന്നു. വയലാർ ശരത്ചന്ദ്രവർമ, ജയൻ തൊടുപുഴ എന്നിവരുടെ വരികൾക്ക് സ്റ്റിൽജു അർജുൻ സംഗീതം പകരുന്നു. എം.ജി. ശ്രീകുമാർ, മധു ബാലകൃഷ്ണൻ, ബിജു അഷ്ടമുടി എന്നിവരാണ് ഗായകർ. വാർത്താപ്രചാരണം: എ.എസ്. ദിനേശ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *