മാധ്യമ പ്രവര്‍ത്തകരോട് വായടക്കാന്‍ ആക്രോശിച്ച്‌ രാധേ മാ


മാധ്യമപ്രവര്‍ത്തകന് നേരെ ആക്രോശിച്ച്‌ വിവാദ പരാമര്‍ശങ്ങളിലൂടെ ശ്രദ്ധേയയായ ആള്‍ദൈവം രാധേ മാ . ദുര്‍ഗാ ദേവിയുടെ അവതാരമെന്ന് സ്വയം വിശേഷിപ്പിക്കുന്ന രാധേ മാ തനിക്കെതിരേയുള്ള കേസുകളേക്കുറിച്ച്‌ ചോദിച്ചപ്പോഴാണ് ശാന്തരൂപം കൈവിട്ട് ക്ഷുഭിതയായത്. മാധ്യമപ്രവര്‍ത്തകരോട് വായടക്കാനും ക്യാമറകള്‍ എടുത്ത് പുറത്തു പോകാനും അവര്‍ ആവശ്യപ്പെട്ടു.
ഉത്തര്‍പ്രദേശിലെ സാംഭാലില്‍ കല്‍ക്കി മഹോത്സവത്തിന് പങ്കെടുക്കാനെത്തിയ അവര്‍ മാധ്യമങ്ങളെ കാണുന്നതിനിടെയാണ് ചോദ്യങ്ങളോട് കടുത്ത ഭാഷയില്‍ പ്രതികരിച്ചത്. എനിക്കെതിരെ ഒരു ആരോപണവുമില്ല. പിന്നെ എന്തിനാണ് നിങ്ങള്‍ ഇക്കാര്യങ്ങള്‍ വീണ്ടും ചോദിക്കുന്നത്. ഇരിപ്പിടത്തില്‍ നിന്നും എഴുനേറ്റ് രാധേ മാ ആക്രോശിച്ചു.
രാധേ മായുടെ നിര്‍ദേശം അനുസരിച്ച്‌ ഭര്‍ത്താവിന്റെ വീട്ടുകാര്‍ പീഡിപ്പിക്കുന്നുവെന്നാരോപിച്ച്‌ യുവതി നല്‍കിയ പരാതിയില്‍ അന്വേഷണം നടന്നുവരികയാണ്. പോലീസ് സ്റ്റേഷനില്‍ ഇന്‍സ്പെക്ടറുടെ സീറ്റില്‍ കയറി ഇരുന്ന സംഭവവും അടുത്ത കാലത്ത് വിവാദമായിരുന്നു.
ഇത് അസഹനീയമാണ്. മര്യാദക്ക് പെരുമാറണം. മാധ്യമപ്രവര്‍ത്തകര്‍ എന്തിനാണ് എന്നെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നത്. വായടക്കാന്‍ ആവശ്യപ്പെട്ട് രാധേ മാ പറഞ്ഞു.




Sharing is Caring