മാധ്യമപ്രവര്‍ത്തകരെ അനുകൂലിച്ച മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരെ അഭിഭാഷക അസോസിയേഷന്റെ പ്രതികാരനടപടി


കൊച്ചിയില്‍ ഹൈക്കോടതി പരിസരത്തും തിരുവനന്തപുരം ജില്ലാ കോടതി വളപ്പിലും മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരെ അനുകൂലിച്ച മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരെ അഭിഭാഷക അസോസിയേഷന്റെ പ്രതികാരനടപടി. അഞ്ച് മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരെ അസോസിയേഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചു. മുതിര്‍ന്ന അഭിഭാഷകരായ സെബാസ്റ്റ്യന്‍ പോള്‍, കാളീശ്വരം രാജ്, എസ് ജയശങ്കര്‍, ശിവന്‍ മഠത്തില്‍, സിപി ഉദയഭാനു എന്നിവര്‍ക്കെതിരെയാണ് അഭിഭാഷക അസോസിയേഷന്‍ നടപടിക്ക് ഒരുങ്ങുന്നത്.


ഹൈക്കോടതി പരിസരത്ത് ബുധനാഴ്ചയുണ്ടായ അക്രമത്തെ വിമര്‍ശിച്ച് ഈ മുതിര്‍ന്ന അഞ്ച് അഭിഭാഷകരും അഭിഭാഷകര്‍ക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് അപലപനീയമാണെന്ന് ഇവര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ മുതിര്‍ന്ന അഭിഭാഷകരുടെ നിലപാട് മറ്റ് അഭിഭാഷകര്‍ക്ക് ക്ഷീണമുണ്ടാക്കിയെന്ന് കാട്ടിയാണ് നടപടിക്ക് ഒരുങ്ങുന്നത്.




Sharing is Caring