കൊച്ചി: മദ്യലഹരിയില്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. ഇന്ന് രാവിലെ കോടതി നടപടികള്‍ ആരംഭിച്ച സമയത്ത് ശ്രീറാം വെങ്കിട്ട രാമന്റെ ജാമ്യം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് അടിയന്തരമായി ഹരജി സമര്‍പ്പിക്കാന്‍ അഭ്യര്‍ഥിച്ചുകൊണ്ട് സര്‍ക്കാര്‍ കോടതിയുടെ അനുമതി തേടി. തുടര്‍ന്ന് സര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചുകൊണ്ട് ഹരജി സമര്‍പ്പിക്കാന്‍ കോടതി അനുവാദം നല്‍കി.ഉച്ചകഴിഞ്ഞ് കോടതി സര്‍ക്കാരിന്റെ ഹരജി പരിഗണിക്കും.
മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കാറിടിച്ച് മരിച്ച കേസില്‍ അറസ്റ്റിലായ ശ്രീറാം വെങ്കിട്ടരാമന് കഴിഞ്ഞ ദിവസം തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു.സമൂഹത്തിന് മാതൃകയാവേണ്ട ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ഇത്തരമൊരു കൃത്യംചെയ്തത് ഗുരുതരമായ തെറ്റാണെന്നും അദ്ദേഹത്തിന് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

ശ്രീറാം വാഹനമോടിച്ച സമയത്ത് മദ്യപിച്ചിരുന്നതായി ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസ് കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. കൂടാതെ മ്യൂസിയം എസ്‌ഐയും ജനറല്‍ ആശുപത്രിയിലെ ഡോക്ടറും ശ്രീറാമിന് മദ്യത്തിന്റെ മണമുണ്ടായിരുന്നതായി വ്യക്തമാക്കിയിരുന്നു. എന്നാല്‍, അപകടം നടന്നശേഷം ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യമുണ്ടോയെന്ന് കണ്ടെത്തുന്നതിനുള്ള പരിശോധന നടത്താന്‍ പോലിസ് തയ്യാറായില്ല. വ്യാപകമായ പ്രതിഷേധമുയര്‍ന്നതിനെത്തുടര്‍ന്നാണ് ഒമ്ബതുമണിക്കൂറിനുശേഷം രക്തപരിശോധന നടത്തിയത്.
എന്നാല്‍ വൈകി നടത്തിയ പരിശോധനയില്‍ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ല.ഇതും ശ്രീറാമിന് ജാമ്യം ലഭിക്കാന്‍ അനുകൂലമായിരുന്നു.എന്നാല്‍ നരഹത്യകുറ്റം തെളിയിക്കണമെങ്കില്‍ മ്ദ്യപിച്ച് വാഹനമോടിച്ചുവെന്ന് തെളിയിക്കേണ്ട ബാധ്യതയില്ലെന്ന വാദമാണ് സര്‍ക്കാര്‍ മുന്നോട്ടു വെയ്ക്കുന്നത്.ഐപിസി 301 വകുപ്പ് സ്വതന്ത്രമായി തന്നെ നിലനില്‍ക്കുമെന്നാണ് സര്‍ക്കാര്‍ മുന്നോട്ടു വെയ്ക്കുന്നത്. ഇക്കാര്യം ഹരജി പരിഗണിക്കുമ്ബോള്‍ കോടതി മുമ്ബാകെ സര്‍ക്കാര്‍ ഉന്നയിക്കുമെന്നാണ് വിവരം.













