മാധ്യമങ്ങളെ കാണാതെ കുമ്മനം; വാര്‍ത്താസമ്മേളനത്തിന് നിയോഗിച്ചത് ശ്രീധരന്‍ പിള്ളയെയും സുരേന്ദ്രനെയും


മെഡിക്കല്‍ കോഴ വിവാദം ചര്‍ച്ച ചെയ്ത ബിജെപി സംസ്ഥാനസമിതിയോഗത്തിന് ശേഷം മാധ്യമങ്ങള്‍ക്ക് മുന്നിലെത്താതെ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. യോഗത്തിന് ശേഷം പിഎസ് ശ്രീധരന്‍ പിള്ളയെയാണ് വാര്‍ത്താസമ്മേളനത്തിനായി ബിജെപി നേതൃത്വം നിയോഗിച്ചത്. മെഡിക്കല്‍ കോഴ അടിസ്ഥാന രഹിതമാണെന്ന് ശ്രീധര്‍ പിള്ള പറഞ്ഞു.


അഴിമതിയോടെ ബിജെപി സന്ധി ചെയ്യില്ല. പാര്‍ട്ടി കുറ്റക്കാരനെ സംരക്ഷിച്ചില്ല. നടപടിയെടുത്ത് മാതൃക കാണിക്കുകയാണുണ്ടായത്. പാര്‍ട്ടിയുടെ കുറ്റവും വ്യക്തിയുടെ കുറ്റവും രണ്ടാണെന്നും ശ്രീധരന്‍ പിള്ള വാദിച്ചു. കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി എച്ച് രാജ, നളിന്‍ കട്ടീല്‍ എം പി, അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ബി എല്‍ സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിന് ശേഷമാണ് വാര്‍ത്താസമ്മേളനത്തിന് ശ്രീധരന്‍ പിള്ളയും കെ സുരേന്ദ്രനും നിയോഗിക്കപ്പെട്ടത്.
മെഡിക്കല്‍ കോഴ സംസ്ഥാന നേതൃത്വത്തെയാകെ പ്രൃതിരോധത്തിലാക്കിയ സാഹചര്യം നിലനില്‍ക്കെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന പ്രയോഗം മാത്രമാണ്് ബിജെപിക്ക് ആശ്രയം. അങ്ങനെയെങ്കില്‍ ആര്‍എസ് വിനോദിനെതിരെ നടപടിയെടുത്തത് എന്തിനാണെന്ന് ചോദ്യമാണ് ബിജെപി അടുത്തതായി നേരിടേണ്ടി വരിക. ഇക്കാര്യം മുന്‍കൂട്ടി കണ്ടാണ് കുമ്മനത്തിന് പകരം മാധ്യമങ്ങളെ നയപരമായി കൈകാര്യം ചെയ്യാനായി ശ്രീധരന്‍ പിള്ളയെ നിയോഗിച്ചതെന്നാണ് സൂചന.


മെഡിക്കല്‍ കോഴ ഊഹാപോഹം മാത്രമാണെന്ന് മാധ്യമങ്ങളോട് പറഞ്ഞ കുമ്മനം മണിക്കൂറുകള്‍ക്കകം മലക്കം മറിഞ്ഞിരുന്നു. ബിജെപിയുടെ സംസ്ഥാന സഹകരണ സെല്‍ കണ്‍വീനറായ ആര്‍എസ് വിനോദിനെ പുറത്താക്കിക്കൊണ്ടുള്ള പ്രസ്താവനയാണ് തൊട്ടുപിന്നാലെയെത്തിയത്. വിനോദിനെതിരെയുള്ള ആരോപണം അതീവഗുരുതരമാണെന്ന് കുമ്മനം പറഞ്ഞു്. പാര്‍ട്ടിയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായക്ക് വിനോദ് കളങ്കമുണ്ടാക്കിയതായി പാര്‍ട്ടി വിലയിരുത്തുന്നെന്നും കേന്ദ്ര നേതൃത്വം അന്വേഷിക്കണമെന്നും കുമ്മനം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇതോടെ 5.6 കോടിയുടെ കോഴ ഇടപാട് നടന്നെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ അക്ഷരാര്‍ത്ഥത്തില്‍ സമ്മതിക്കുകയായിരുന്നു.

വിനോദിനെ പുറത്താക്കിക്കൊണ്ടുള്ള നടപടി കോര്‍ കമ്മിറ്റിയ്ക്ക് മുമ്പെ മുഖം രക്ഷിക്കാന്‍ വേണ്ടിയുള്ളതായിരുന്നുവെന്ന വിലയിരുത്തലുമുണ്ടായി. എന്നാല്‍ കുമ്മനത്തിന് പനിയാണെന്ന വിശ്വസിക്കാന്‍ പ്രയാസമുള്ള വിശദീകരണം നല്‍കി കോര്‍ കമ്മിറ്റി യോഗം റദ്ദ് ചെയ്യുകയാണുണ്ടായത്. അന്വേഷണ കമ്മീഷനെ നിയോഗിച്ചതിനേക്കുറിച്ച് പാര്‍ട്ടിക്കകത്തുനിന്ന് തന്നെ വിരുദ്ധമായ വിശദീകരണങ്ങള്‍ ഉണ്ടായി. പരാതി ഉന്നയിച്ച് കടുത്ത നിലപാട് ആവശ്യപ്പെട്ടത് വി മുരളീധരന്‍ ആണെന്നായിരുന്നു ഒരു വിഭാഗത്തിന്റെ അവകാശ വാദം.

കുമ്മനത്തിന്റെ നേരിട്ടുള്ള ഇടപെടലാണ് കടുത്ത നടപടിക്ക് വഴിവെച്ചതെന്ന് മറു വിഭാഗവും ആരോപിച്ചു. ഇതോടെ പാര്‍ട്ടികത്ത് വിഭാഗീയത രൂക്ഷമാണെന്ന് വ്യക്തമായി. നേരിട്ടെത്തി വാര്‍ത്താസമ്മേളനം നടത്തിയാല്‍ മൂര്‍ച്ചയേറിയ അനേകം ചോദ്യശരങ്ങളാകും കുമ്മനം രാജശേഖരനെതിരെ വരിക. ഈ തിരിച്ചറിവില്‍ നിന്നാണ് മാധ്യമങ്ങളെ കാണാന്‍ ശ്രീധരന്‍ പിള്ളയെയും കെ സുരേന്ദ്രനെയും നിയോഗിച്ചത്.



Sharing is Caring