മാദ്ധ്യമ വ്യവസായി റൂപര്‍ട്ട് മര്‍ഡോക്ക് വീണ്ടും വിവാഹിതനാകുന്നു. ഹോളിവുഡ് നടിയും മുന്‍ മോഡലുമായ ജെറി ഹാളിനെയാണ് റൂപര്‍ട്ട് മര്‍ഡോക്ക് വിവാഹം കഴിയ്ക്കുന്നത്.
നാല് മാസത്തെ ബന്ധത്തിന് ശേഷം തങ്ങള്‍ വിവാഹിതരാകാന്‍ തീരുമാനിച്ചതായി ലണ്ടനിലെ ദ ടൈംസ് പത്രത്തിലൂടെയാണ് ഇരുവരും വ്യക്തമാക്കിയത്. മര്‍ഡോക്കിന്റെ ന്യൂസ് കോര്‍പ്പറേഷനാണ് ടൈംസിന്റെ ഉടമസ്ഥര്‍. പത്രത്തിന്റെ വിവാഹ, ജനന, മരണ പേജിലാണ് മര്‍ഡോക്കും ജെറി ഹാളും പ്രഖ്യാപനം നടത്തിയത്.84ാം വയസുകാരനായ മര്‍ഡോക്കിന്റെ നാലാം വിവാഹമാണിത്. മൂന്ന് ബന്ധങ്ങളില്‍ നിന്ന് ആറ് മക്കളാണ് മര്‍ഡോക്കിനുള്ളത്. 59 കാരിയായ ജെറിയുടെ ആദ്യ വിവാഹമാണിത്. കാമുകനായിരുന്ന മൈക്ക് ജാഗ്ഗറുമായുള്ള 22 വര്‍ഷത്തെ ബന്ധത്തില്‍ നാല് മക്കള്‍ ഉണ്ടെങ്കിലും ഇവര്‍ നിയമപരമായി വിവാഹിതരായിട്ടില്ല. ഓസ്‌ട്രേലിയന്‍ സ്വദേശിയായ മര്‍ഡോക്ക് നിലവില്‍ അമേരിക്കന്‍ പൗരനാണ്.














