മാത്തൂര്‍ ഭൂമിയിടപാട്: തോമസ് ചാണ്ടിക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ഹര്‍ജി


ആലപ്പുഴ: മാത്തുര്‍ ഭൂമിയിടപാട് കേസില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. ആലപ്പുഴ രാമങ്കരി ഒന്നാം ക്ലാസ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. മാത്തൂര്‍ കുടുംബാംഗമായ രാമവര്‍മ്മ രാജയാണ് കോടതിയെ സമീപിച്ചത്. ഹര്‍ജി ഈ മാസം ആറിന് പരിഗണിക്കുന്നത് മാറ്റി.
മാത്തൂര്‍ ദേവസ്വത്തിന്റെ വകയായ 34 ഏക്കര്‍ ഭൂമി തോമസ് ചാണ്ടിയും ബന്ധുക്കളും കൈവശം വച്ചിരിക്കുന്നത് വ്യാജരേഖ ചമച്ച്‌ കൈമാറിയ ഭൂമിയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. 1998 വരെ കരമടച്ചിരുന്ന മാത്തൂര്‍ ദേവസ്വത്തിന്റെ ഭൂമി വ്യാജരേഖ ചമച്ചാണ് ക്ഷേത്രത്തില്‍ തണ്ടപ്പേരില്‍ നിന്ന് ഉടമസ്ഥാവകാശം മാറ്റിയത്. കുട്ടനാട് തഹസില്‍ദാര്‍ ആയിരുന്ന കൃഷ്ണയ്യര്‍ എന്നയാളുടെ മൂന്നു മക്കളുടെ പേരില്‍ 34.68 ഏക്കര്‍ ഭൂമി ഒറ്റപ്പട്ടയമായി നല്‍കുകയായിരുന്നു.
അതേവര്‍ഷം സെപ്തംബര്‍ രണ്ടിന് പോള്‍ ഫ്രാന്‍സിസ് എന്നയാള്‍ അഞ്ച് എന്‍.ആര്‍.ഐകളുടെ പേരില്‍ ഭൂമിക്ക് നികുതി ഒടുക്കുന്നു. ഒരാഴ്ച കഴിഞ്ഞ് ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിച്ചുകിട്ടാന്‍ ആലപ്പുഴ ലാന്റ് ട്രിബ്യൂണലില്‍ അപേക്ഷ നല്‍കുകയായിരുന്നു.




Sharing is Caring